'പടയൊരുക്കം' ഇന്ന് തലശ്ശേരിയില്‍; നാളെ ഇരിട്ടിയില്‍
തലശ്ശേരി/ഇരിട്ടി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന് ഇന്ന് തലശ്ശേരിയിലും നാളെ ഇരിട്ടിയിലും സ്വീകരണം നല്‍കും.
ഇന്ന് കോടിയേരി മേഖലാ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജാഥ തലശ്ശേരി ടൗണ്‍ ബേങ്ക് ഓഡിറ്റോറിയം പരിസരത്തുനിന്നും തലശ്ശേരി സൗത്ത് സൈദാര്‍പള്ളിക്കു സമീപത്തുനിന്നും കതിരൂര്‍ നോര്‍ത്ത് എരഞ്ഞോളി കമ്മിറ്റികളുടെ പ്രകടനം സംഗമം കവലയില്‍ നിന്നാരംഭിച്ച് തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡില്‍ സമാപിക്കും. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പൊതുയോഗം മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. മുസ്‌ലിംലീഗ് അഖിലേന്ത്യാനേതാവും എം.പിയുമായ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ പുതിയ ബസ്സ്റ്റാന്‍ഡില്‍ നടക്കുന്ന പൊതുയോഗത്തില്‍ സംസാരിക്കും.
ശ്രീകണ്ഠപുരത്തെ സ്വീകരണത്തിനു ശേഷം നാളെ ഇരിട്ടിയിലെത്തുന്ന ജാഥയെ പാലത്തിനുസമീപം യു.ഡി.എഫ് മണ്ഡലം നേതാക്കള്‍ സ്വീകരിക്കും. സ്വീകരണ സമ്മേളനത്തില്‍ നേതാക്കളായ എം.കെ മുനീര്‍, വി.ഡി സതീശന്‍, ജോണി നെല്ലൂര്‍, കെ. സുധാകരന്‍ തുടങ്ങിയവര്‍ സംസാരിക്കും. ജാഥയുടെ പ്രചാരണാര്‍ഥം ഇന്ന് വൈകുന്നേരം മൂന്നിന് ഇരിട്ടിയില്‍ കെ.പി.സി.സി കലാസാഹിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന കലാജാഥ എത്തിച്ചേരും.
തുടര്‍ന്ന് ടൗണില്‍ വിളംബരറാലിയും യു.ഡി.എഫ് യുവജനസംഘടനകളുടെ നേതൃത്വത്തില്‍ ബൈക്ക്‌റാലിയും നടക്കും. ഇരിട്ടിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സണ്ണിജോസഫ് എം.എല്‍.എ, പി.കെ ജനാര്‍ദ്ദനന്‍, തോമസ് വര്‍ഗീസ്, സി. മുഹമ്മദലി, വല്‍സന്‍ അത്തിക്കല്‍, എ.കെ ഇബ്രാഹിം, അനന്തന്‍ നമ്പ്യാര്‍, പി.എ നസീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."