മോഹനന് വധം: അന്വേഷണം പൂര്‍ത്തിയായി
കൂത്തുപറമ്പ്: പാതിരിയാട് വാളാങ്കിച്ചാലിലെ സി.പി.എം നേതാവ് കുഴിച്ചാല്‍ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയായി. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി അന്വേഷണ സംഘം കലക്ടറുടെ അനുമതി തേടി. അനുമതി ലഭിക്കുന്നതോട പത്ത് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാവുമെന്നാണ് കരുതുന്നത്.
കേസില്‍ രണ്ടു പ്രതികള്‍ ജാമ്യ നിബന്ധന ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുടെ ജാമ്യം റദ്ദ് ചെയ്ത് കിട്ടണമെന്നാവശ്യപ്പെട്ട് പൊലിസ് കോടതിയില്‍ ഹരജി നല്കി. 2016 ഒക്ടോബര്‍ 10ന് രാവിലെയാണ് സി.പി.എം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവും വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയും കള്ളുഷാപ്പ് ജീവനക്കാരനുമായ മോഹനനെ ജോലിക്കിടെ(53) ഒരു സംഘം വെട്ടികൊലപ്പെടുത്തിയത്. ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരായ 16 പേരാണ് കേസിലുള്ളത്.
ഇവരില്‍ പന്ത്രണ്ടുപേര്‍ ഇതിനകം അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. കുരിയോട്ടെ വി.കെ രാഹുല്‍(23), രൂപേഷ് രാജ്(23), പാതിരിയാട്ടെ നവജിത്ത്(23), മിനീഷ് (32), പടുവിലായിയിലെ സി. സായൂജ്(24), സജേഷ്(36), ഓടക്കാട്ടെ എം. രാഹുല്‍(23), പി.വി പ്രിയേഷ്(24) പാതിരിയാട്ടെ വിപിന്‍(37), ചക്കരക്കല്‍ തലമുണ്ടയിലെ ടി.കെ റിജിന്‍(25), കീഴത്തൂരിലെ എം.ആര് ശ്രീനിലേഷ്(25), മാഹി ചെമ്പ്രയിലെ ഇ. സുബീഷ്(31), പിണറായി പുത്തങ്കണ്ടത്തെ പ്രണൂ ബാബു(32), ചേരിക്കലിലെ സുര്‍ജിത്(30), ജിതേഷ്(32), ധര്‍മ്മടത്തെ എന്‍. ലനീഷ്(34) എന്നിവരാണ് പ്രതികള്‍. ഇവരില്‍ ആറു പേര് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായതെന്ന് കണ്ടെത്തിയിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്നാണ് പ്രതികള്‍ മോഹനനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."