തലശ്ശേരിയിലെ കുഴല്‍പ്പണം അന്വേഷണം ബംഗളൂരുവിലേക്ക്
തലശ്ശേരി: തലശ്ശേരിയില്‍ പൊലിസും ആര്.പി.എഫും നടത്തിയ റെയ്ഡില്‍ മൂന്നര കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടിയ സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ബംഗളൂരുവിലേക്ക് വ്യാപിപ്പിച്ചു.
കേസന്വേഷണം പൊലിസില്‍ നിന്ന് കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഏറ്റെടുത്തു. ഓമശ്ശേരി കൊടുവള്ളി സ്വദേശി പെരുന്തോട്ടത്തില്‍ വീട്ടില്‍ പി.ടി ഷാലിഖ്(26), കൊടുവള്ളി കരിപ്പംപൊയില് പൊന്‍പാറക്കല്‍ വീട്ടില്‍ പി.പി ഇക്ബാല്‍(30) എന്നിവരെയാണ് യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ തലശ്ശേരിയില്‍ വന്നിറങ്ങുമ്പോള്‍ പണമടങ്ങിയ ബാഗുമായി പൊലിസും ആര്.പി.എഫും പിടികൂടിയത്.
ബംഗളൂരുവില്‍ വിറ്റ സ്വര്‍ണത്തിന്റെ പണമായിരുന്നു പണമെന്ന് പിടിയിലായ യുവാക്കള്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു. കുഴല്‍പ്പണം കടത്തുന്ന സംഘത്തിലെ കാരിയര്‍മാരായിരുന്നു പിടിയിലായ യുവാക്കള്‍. നേരത്തെയും നിരവധി തവണ പണം കടത്തിയെങ്കിലും യുവാക്കള്‍ ആദ്യമായാണ് പൊലിസിന്റെ വലയിലായത്.
കൊടുവള്ളിയിലെ ഒരാള്‍ക്ക് എത്തിച്ച് നല്‍കാനുള്ളതായിരുന്നു പിടികൂടിയ പണം. നേരത്തെ 3.25 കോടി രൂപയാണ് പിടികൂടിയതെന്ന് പൊലിസ് വ്യക്തമാക്കിയതെങ്കിലും എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ 3.5 കോടിയാണെന്ന് കണ്ടെത്തി. തുക കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് കൈമാറി. ബംഗളൂരുവില്‍ നിന്നാണ് പണം കൊണ്ടുവന്നതെന്ന യുവാക്കളുടെ വെളിപ്പെടുത്തലിന്റ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം ബംഗളൂരുവിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."