തട്ടിപ്പുവീരന്‍ ഒടുവില്‍ കുടുങ്ങി: ജോലി വാഗ്ദാനം നല്‍കി തട്ടിയത് ലക്ഷങ്ങള്‍
കോട്ടയം: വാക്ചാരുതയില്‍ ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി പിടിയില്‍. കാസര്‍കോട് പരപ്പ കപ്പാട് കുളത്തുങ്കല്‍ ഷമീറിനെയാണ് ഇന്നലെ പൊലിസ് പിടികൂടിയത്. റെയില്‍വെയില്‍ ജോലി നല്‍കാമെന്ന് തെറ്റിധരിപ്പിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. ജില്ലയില്‍ ഏഴുപേര്‍ തട്ടിപ്പിനിരയായെന്ന് പൊലിസ് പറഞ്ഞു. ഇവരില്‍ നിന്ന് 38 ലക്ഷത്തിലധികം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. പലയിടങ്ങളിലും വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഷമീര്‍ ആഢംബര ഹോട്ടലുകളില്‍ താമസിച്ചാണ് കൂടുതലും തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലിസ് വ്യക്തമാക്കി. ഷിയാസ്, ഷാന്‍ എന്നീ പേരുകളിലായിരുന്നു പരിചയപ്പെടുത്തിയിരുന്നത്. കഴിഞ്ഞ മെയില്‍ കോട്ടയത്തെത്തിയ ഇയാള്‍ ഈസ്റ്റ് പൊലിസ് സ്‌റ്റേഷനു സമീപമുള്ള ഹോട്ടലില്‍ താമസിച്ചാണ് തുടക്കത്തില്‍ തട്ടിപ്പ് നടത്തിയത്. ഇവിടെ താമസിക്കുമ്പോള്‍ സൗഹൃദത്തിലായ ഓട്ടോഡ്രൈവറില്‍ നിന്ന് ജോലി വാഗ്ദാനം നല്‍കി പണം വാങ്ങിയിരുന്നു. ശേഷം ഇദേഹത്തിന്റെ വാക്ചാതുരിയില്‍ മയങ്ങി പലരും പണം നല്‍കി. എന്നാല്‍ പിന്നീടാണ് പലരും വഞ്ചിക്കപ്പെട്ട വിവരം അറിയുന്നത്. ഉദ്യോഗാര്‍ഥികളില്‍ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ താന്‍ റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗമാണെന്നും സ്‌പോര്‍ട്‌സ് ക്വാട്ടാ മുഖേനയാണു നിയമനം നടത്തുന്നതെന്നും പറഞ്ഞിരുന്നു. ഇത്തരത്തില്‍ ഇയാളുടെ വാക്കില്‍ വീണവര്‍ ഷമീറിന്റെ നിര്‍ദേശാനുസരണം സര്‍ട്ടിഫിക്കറ്റുകളും നല്‍കി. പിന്നീട് ഉദ്യോഗാര്‍ഥികളെ ശാരീരിക, വൈദ്യ പരിശോധനകള്‍ക്കായി മെയില്‍ ചെന്നൈയിലേക്കു കൊണ്ടുപോയി. അവിടെ എത്തിയ ഷമീര്‍ കബളിപ്പിക്കല്‍ പദ്ധതി തുടരുകയായിരുന്നു. ഉദ്യോഗാര്‍ഥികളുമായി റെയില്‍വെയുടെ ആരോഗ്യ വിഭാഗം ഓഫിസിനു മുന്നിലെത്തിയശേഷം അപേക്ഷാ ഫോമുമായി ഉള്ളിലേക്കു പോവുകയും തിരികെ പ്രിന്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുമായി വരുകയും ചെയ്തു. തനിയ്ക്ക് റെയില്‍വെയില്‍ നല്ല പിടിപാടാണുള്ളതെന്ന് തെറ്റിധരിപ്പിക്കാനുള്ള തന്ത്രങ്ങളായിരുന്നു ഇത്. പരിശോധനകള്‍ക്കായി 10 ദിവസം ചെന്നൈയില്‍ ഉദ്യോഗാര്‍ഥികളെ താമസിപ്പിച്ചിരുന്നു.
പിന്നീട്, നാട്ടിലെത്തിയ യുവാക്കള്‍ക്ക് കഴിഞ്ഞ 27നു റെയില്‍വെയുടെ സെക്കന്തരാബാദിലെ ഓഫിസില്‍ നിയമിച്ചതായി കാണിച്ചുള്ള നിയമന ഉത്തരവ് നല്‍കുകയും ചെയ്തു. ഉത്തരവ് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ അന്വേഷിച്ചപ്പോഴാണ് ജോലി വ്യാജമാണെന്നു തെളിഞ്ഞത്. ഇതോടെ, ഇയാള്‍ കോട്ടയത്തു നിന്നു മുങ്ങി. ഇതിനിടെ, തട്ടിപ്പിനിരയായവരില്‍ ഒരാള്‍ ഈസ്റ്റ് പൊലിസില്‍ പരാതി നല്‍കി. പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കോട്ടയത്തു നിന്നു മുങ്ങിയതായും രണ്ടു മൊബൈല്‍ ഫോണുകളും സ്വിച്ച്ഓഫ് ചെയ്തതായും കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."