ഗെയില്‍: ഹൈക്കോടതി നടപടിക്ക് മുന്‍പ് പൈപ്പിടല്‍ പൂര്‍ത്തിയാക്കാന്‍ തിരക്കിട്ട നീക്കം
മലപ്പുറം: ഗെയില്‍ പൈപ്പ് ലൈന്‍ സുരക്ഷാ വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ നടപടി തുടങ്ങുന്നതിന് മുന്‍പ് പൈപ്പിടല്‍ പൂര്‍ത്തിയാക്കാന്‍ ഗെയില്‍ നീക്കം.
എന്തു വിലകൊടുത്തും നിര്‍ദിഷ്ട പ്രദേശത്ത് പൈപ്പിടല്‍ പൂര്‍ത്തിയാക്കിയതിനുശേഷം കോടതിനടപടികളുമായി മുന്നോട്ടുപോകാമെന്ന തന്ത്രമാണ് ഗെയില്‍ നടപ്പാക്കുന്നത്. ഗെയില്‍ വാതക പൈപ്പുകള്‍ ജനവാസ കേന്ദ്രത്തിലൂടെ കടന്നുപോകുന്നത് തടയണമെന്ന ഹരജിയില്‍ തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കമ്മിഷന്‍ പരിശോധന പൂര്‍ത്തിയാക്കിയത്. റിപ്പോര്‍ട്ട് കഴിഞ്ഞ ഒന്നിനാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
ഹൈക്കോടതി തുടര്‍നടപടികള്‍ തുടങ്ങിയാല്‍ പൈപ്പിടല്‍ തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് പൊലിസിന്റെ സഹായത്തോടെ നടപടികള്‍ വേഗത്തിലാക്കുന്നത്. പ്രത്യക്ഷത്തില്‍ പൈപ്പുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് കമ്മിഷന്‍ കണ്ടെത്തിയതാണ്.
കാസര്‍കോട് പ്ലാന്റേഷന്‍ കോര്‍പറേഷന് സമീപവും തൃശൂര്‍ ജില്ലയിലെ പെരിമ്പിലാവിലും മൂന്ന് വര്‍ഷം മുമ്പാണ് പൈപ്പ് സ്ഥാപിച്ചത്. തൃശൂരില്‍ 24 കിലോമീറ്ററാണ് പൈപ്പുകള്‍ സ്ഥാപിച്ചുകഴിഞ്ഞത്. എന്നാല്‍, പൈപ്പുകള്‍ സ്ഥാപിച്ച് ആറുമാസത്തിനുള്ളില്‍ കമ്മിഷന്‍ ചെയ്തില്ലെങ്കില്‍ പൈപ്പില്‍ മര്‍ദം കുറഞ്ഞ ഗ്യാസ് നിറച്ചുവയ്ക്കണമെന്നാണ് നിയമം.
പൈപ്പില്‍ തുരുമ്പ് പിടിക്കുന്നത് ഇല്ലാതാക്കാനാണ് ഇത് ചെയ്യുന്നത്. എന്നാല്‍, പൈപ്പ് സ്ഥാപിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എവിടേയും ഗ്യാസ് നിറച്ചുവച്ചിട്ടില്ലെന്ന് മാത്രമല്ല, വയലില്‍ സ്ഥാപിച്ച പൈപ്പില്‍ മിക്കയിടത്തും ചെളിയും പുല്ലും നിറഞ്ഞിരിക്കുകയാണ്.
കമ്മിഷന്‍ പെരുമ്പിലാവില്‍ പരിശോധനക്കെത്തിയപ്പോള്‍ പുറത്തുകാണുന്ന പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കുകയാണ് ഗെയില്‍ അധികൃതര്‍ ചെയ്തത്. ഇതിന്റെ പണി നടക്കുന്നതിനിടെയാണ് കമ്മിഷന്‍ പരിശോധന പൂര്‍ത്തിയാക്കിയത്. പുതിയ പൈപ്പിന്റെയും മുന്‍പ് സ്ഥാപിച്ച പൈപ്പിന്റെയും ചിത്രം കമ്മിഷന്‍ പകര്‍ത്തുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി ഹിയറിങ് വന്നാല്‍ പൈപ്പ് മാറ്റേണ്ടിവരും. പൈപ്പിടല്‍ പ്രവൃത്തി ദ്രുതഗതിയിലാക്കാന്‍ കാരണം ഇതാണ്. മാത്രമല്ല, ഗെയില്‍ കേരളത്തിലുടനീളം ക്ലാസ് രണ്ട് കാറ്റഗറിയിലുള്ള പൈപ്പാണ് സ്ഥാപിച്ചിട്ടുള്ളത്. പൈപ്പ് സ്ഥാപിക്കുന്നതിന്റെ നടപടികള്‍ തുടങ്ങുമ്പോള്‍ കേരളത്തിലെവിടെയും ജനവാസ മേഖലയിലൂടെ പൈപ്പ് കടന്നുപോകുന്നില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.
പൈപ്പിടുന്നതിന് 1600 മീറ്റര്‍ നീളവും 400 മീറ്റര്‍ വീതിയും ഒരു മേഖലയാക്കി തിരിക്കും. ഒന്നുമുതല്‍ പത്ത് വരെ വീടുള്ള ഭാഗങ്ങള്‍ ക്ലാസ് ഒന്നിലും പത്ത് മുതല്‍ 46 വരെ ക്ലാസ് രണ്ടിലും 46 മുതല്‍ മുകളിലുള്ള സ്ഥലങ്ങള്‍ ക്ലാസ് മൂന്നിലുമാണ് വരിക.
ഇതില്‍ സ്‌കൂള്‍, ആരാധനാലയങ്ങള്‍, ബഹുനില കെട്ടിടം, ഹൈവേ റോഡുകള്‍ എന്നിവയുണ്ടെങ്കില്‍ ക്ലാസ് നാല് കാറ്റഗറിയിലെ പൈപ്പാണ് സ്ഥാപിക്കേണ്ടത്. എന്നാല്‍, ഏറെ ജനവാസവും കെട്ടിടവും ആരാധനാലയങ്ങളുമുള്ള മലപ്പുറം മുനിസിപ്പാലിറ്റി പോലും ഗെയില്‍ ക്ലാസ് രണ്ടിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍ വന്നാലുള്ള പ്രശ്‌നം മുന്നില്‍ കണ്ടാണ് ഗെയിലിന്റെ തിരക്കിട്ട നീക്കം. ക്ലാസ് നാല് കാറ്റഗറിയിലുള്‍പ്പെടുത്തി പൈപ്പുകള്‍ മാറ്റാന്‍ തീരുമാനിച്ചാല്‍ വാല്‍വ് സ്റ്റേഷന്‍ എട്ടുകിലോമീറ്ററില്‍ കൂടാന്‍ പാടില്ല. നിലവിലിത് 24 കിലോമീറ്ററാണ്. ഇപ്പോള്‍ ആകെ 25 വാല്‍വ് സ്റ്റേഷനുകളാണ് കേരളത്തിലുള്ളത്. ക്ലാസ് നാലിലേക്ക് മാറുമ്പോള്‍ ഇത് 67 ആക്കി വര്‍ധിപ്പിക്കണം. ഒരു വാല്‍വ് സ്റ്റേഷന് അരയേക്കര്‍ ഭൂമിയാണ് വേണ്ടിവരിക. മാത്രവുമല്ല, നിലവില്‍ സ്ഥാപിച്ച പൈപ്പുകള്‍ മാന്തിയെടുത്ത് പുതിയത് സ്ഥാപിക്കുകയും വേണം. കോടികള്‍ അധികചെലവ് വരുന്ന നടപടിയിലേക്ക് കോടതി കടന്നാല്‍ ഗെയില്‍ വാതക പൈപ്പ് ലൈന്‍ അടുത്തൊന്നും യാഥാര്‍ഥ്യമാകില്ലെന്ന തിരിച്ചറിവിലാണ് ബലം പ്രയോഗിച്ചും പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."