നഴ്സുമാരുടെ ശമ്പളം: കേസ് വിധിപറയാനായി മാറ്റി
ന്യൂഡല്‍ഹി: കേരളത്തിലെ നഴ്സുമാരുടെ ശമ്പള വര്‍ധനവ് പരിഷ്കരിച്ച സമിതിയുടെ ഘടനയെ ചോദ്യം ചെയ്ത് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജി വിധി പറയുന്നതിനായി മാറ്റി.
മാനേജ്മെന്റുകളുടേയും നഴ്സിങ് അസോസിയേഷന്റെയും വാദം കേട്ട ശേഷം ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ രണ്ടംഗ സുപ്രിം കോടതി ബെഞ്ചാണ് ഹരജി മാറ്റിയത്. സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളവര്‍ധനവിന് മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്കി ഈ മാസം19ന് ചേര്‍ന്ന മിനിമം വേതന സമിതി തീരുമാനമെടുത്തിരുന്നു.
ശമ്പളവര്‍ധനവ് നിലവില്‍ വന്നതായി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ലേബര്‍ കമ്മിഷണര്‍ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശയും നല്‍കിയിരുന്നു. ഇതിനെതിരേ കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിം കോടതിയുടെ നടപടി.
നഴ്സുമാരുടെ സമരത്തെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ശമ്പള പരിഷ്ക്കരണ സമിതിയില്‍ ആശുപത്രി ഉടമകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കിയില്ലെന്ന് ഹരജിക്കാര്‍ വാദിച്ചു. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതി ശമ്പള പരിഷ്ക്കരണം നടപ്പാക്കിയതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മാനേജ്മെന്റ് അസോസിയേഷന് വ്യക്തമാക്കി. ആശുപത്രി ഭരണതലത്തിലുള്ള ജീവനക്കാരെ ഉടമകള്‍ക്ക് പകരം സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ സമിതിയുടെ ശുപാര്‍ശകള്‍ക്ക് സാധുതയില്ലെന്നും മാനേജ്മെന്റുകള്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ സമിതിയുടെ ഘടനയെ ആശുപത്രി ഉടമകള്‍ തുടക്കത്തില്‍ എതിര്‍ത്തിരുന്നില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."