പരശുറാമിന്റെ സമയമാറ്റം: പ്രതിഷേധവുമായി സ്ഥിരം യാത്രക്കാര്‍
കോഴിക്കോട്: റെയില്‍വേയുടെ പുതിയ സമയക്രമത്തില്‍ മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് സമയം മാറിയതിനെ ചൊല്ലി യാത്രക്കാരുടെ പ്രതിഷേധം ശക്തമായി.
പുതിയ സമയക്രമത്തില്‍ സര്‍വിസ് നടത്തിയ ബുധനാഴ്ചയും ഇന്നലെയും ട്രെയിന്‍ പുറപ്പെട്ടതു മുതല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ റെയില്‍വേ അധികൃതര്‍ക്കു മുന്‍പാകെ ബഹളംവച്ചു. സമയമാറ്റം കൊണ്ടു ബുദ്ധിമുട്ട് നേരിടുന്ന സ്ഥിരം യാത്രക്കാര്‍ പാലക്കാട്ടെ റെയില്‍വേ ഡിവിഷന് ആസ്ഥാനത്തേക്കും കൂട്ടമായി പരാതികള്‍ അയച്ചു.
നേരത്തെ മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നു പുലര്‍ച്ചെ 4.40ന് പുറപ്പെട്ടിരുന്ന പരശുറാം പുതിയ സമയം നിലവില്‍വന്നതോടെ 5.25നാണ് യാത്ര തിരിക്കുന്നത്. മംഗളൂരുവില്‍ നിന്നു തിരൂര്‍ വരെ ജീവനക്കാരും വിദ്യാര്‍ഥികളുമടക്കമുള്ള സീസണ് ടിക്കറ്റ് യാത്രക്കാരാണു പരശുറാമിനെ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത്. കണ്ണൂരില്‍ നിന്നു 7.20ന് പുറപ്പെട്ടിരുന്ന ട്രെയിന്‍ ഇപ്പോള്‍ 7.40ന് തിരിച്ച് 9.10നാണ് കോഴിക്കോട്ട് എത്തുക.
തിരൂരില്‍ 10.08നാണ് പുതിയ സമയപ്രകാരം ട്രെയിന്‍ എത്തുന്നത്. പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കൃത്യസമയത്ത് പല സ്റ്റേഷനുകളിലും ട്രെയിന്‍ മുന്‍പും എത്താറില്ലായിരുന്നു. ഇതിനുപുറമെ ഇപ്പോള്‍ വൈകി പുറപ്പെടുന്നതു പിന്നെയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നു യാത്രക്കാരും പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികളും പറയുന്നു.
പയ്യന്നൂര്‍ മുതല്‍ കോഴിക്കോട്, ഫറോക്ക്, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍ വരെയുള്ള സ്ഥങ്ങളില്‍ ജോലിചെയ്യുന്നവരടക്കം സ്ഥിരമായി ആശ്രയിക്കുന്നത് ഈ ട്രെയിനിനെയാണ്.
പരശുറാമിനു മുന്‍പായി 16346 ലോക്മാന്യതിലക് - തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് സര്‍വിസ് നടത്തുന്നുണ്ടെങ്കിലും ദീര്‍ഘദൂര ട്രെയിനായതിനാല്‍ ഇതു കൃത്യസമയത്ത് എത്താറില്ലെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."