സാങ്കേതിക അനുമതി ലഭിച്ചില്ലെങ്കിലും വ്യവസായം തുടങ്ങാം: മന്ത്രി ഇ.പി ജയരാജന്‍
കോഴിക്കോട്: ഒരു മാസത്തിനകം സാങ്കേതിക അനുമതി ലഭ്യമായില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കി സംരഭകര്‍ക്ക് വ്യവസായം തുടങ്ങാനുള്ള നടപടി സ്വീകരിക്കാമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. ഇതിനായി ഉടന്‍ നിയമ നിര്‍മാണം നടത്തും. മലബാറിലെ വ്യവസായികളുടെ സംരഭമായ റൈസിങ് കേരളയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഉദ്യോഗസ്ഥ മേധാവിത്വം അനുവദിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാനത്ത് വ്യവസായ സൗഹാര്‍ദ അന്തരീക്ഷം ഒരുക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തും. വിവിധ ഉദ്യോഗസ്ഥര്‍ക്കു മുന്‍പില്‍ അനുമതിക്കായി കാത്തുകിടക്കേണ്ട അവസ്ഥ ഉണ്ടാകരുത്. ഭൂമി, വൈദ്യുതി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്കള്‍ക്ക് മുന്‍ഗണന നല്‍കും.
കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാകേണ്ടത് ആവശ്യമാണ്. ഇതിനായി ആതിരപ്പള്ളി പദ്ധതി പോലുള്ള കൂടുതല്‍ ഉല്‍പാദന പദ്ധതികള്‍ യാഥാര്‍ഥ്യമാകേണ്ടതുണ്ട്. സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന ഭൂമി ഏറ്റെടുത്ത് ഉപയോഗപ്പെടുത്താന്‍ കിന്‍ഫ്രയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംരഭകര്‍ക്കുള്ള പരമാവധി സാമ്പത്തിക സഹായം കെ.എസ്.ഐ.ഡി.സി മുഖാന്തരം ലഭ്യമാക്കും.
പ്രാഥമിക വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ പബ്ലിക് റിലേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണ്. സംസ്ഥാനത്ത് വന്‍കിട വ്യവസായങ്ങള്‍ക്ക് ഇനി സാധ്യതയില്ലെന്നും അദ്ദഹം പറഞ്ഞു. വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ റൈസിങ് കേരള ജനറല്‍ കണ്‍വീനര്‍ വി.കെ.സി നൗഷാദ് വിഷയാവതരണം നടത്തി.
വ്യവസായം തുടങ്ങുന്നതിനു മുന്നോടിയായി സമൂഹത്തിന്റെ ആശങ്കയകറ്റുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്ന് മറുപടി പ്രസംഗത്തില്‍ കലക്ടര്‍ എന്‍. പ്രശാന്ത് സൂചിപ്പിച്ചു. നിയമ നടപടിക്രമങ്ങളുടെ ആധിക്യം പ്രയാസം സൃഷ്ടിക്കുന്നുണ്ട്. തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ പഴുതുപയോഗിച്ച് മണിമാളികകളുയര്‍ത്താമെങ്കില്‍ ഇവിടെ ചെറുകിട വ്യവസായങ്ങള്‍ക്ക് അനുമതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്റണി, കിന്‍ഫ്ര ജനറല്‍ മാനേജര്‍ ടി. ഉണ്ണികൃഷ്ണന്‍, കാലിക്കറ്റ് യൂനിവേഴസിറ്റി പ്രൊ. വൈസ് ചാന്‍സിലര്‍ ഡോ.മോഹന്‍, ടൗണ്‍ പ്ലാനിങ് ഓഫിസര്‍ അബ്ദുല്‍ മാലിഖ് തുടങ്ങിയവരും ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. വിവിധ വ്യവസായ മേഖലകളെ പ്രതിനിധീകരിച്ച് കെ.പി രാമചന്ദ്രന്‍ നായര്‍, രാജേഷ് നായര്‍, എം.പി അഹമ്മദ്, പി.കെ അഹമ്മദ്, മുഹമ്മദ് അലി, പ്രൊഫ. അനില്‍കുമാര്‍, മെഹ്ബൂബ്, പി.വി നിധീഷ്, വി.കെ.സി റസാഖ്, എം.എ അബ്ദുല്‍ റഹ്മാന്‍, അജയ് സി. തോമസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. റൈസിങ് കേരള ചെയര്‍മാന്‍ എം. ഖാലിദ് സ്വാഗതവും വ്യവസായ വകുപ്പ് ജോ. ഡയറക്ടര്‍ എസ് സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."