ശ്രീകാന്ത് രണ്ടാം റാങ്കില്‍
ന്യൂഡല്‍ഹി: ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല് സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിട്ട് കുതിക്കുന്ന ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്ത്. ബാഡ്മിന്റണ്‍ ലോക ഫെഡറേഷന്‍ പുറത്തിറക്കിയ പുതിയ പട്ടികയില്‍ കരിയറിലെ ഏറ്റവും മികച്ച റാങ്കിങാണ് താരം സ്വന്തമാക്കിയത്. 73,403 പോയിന്റുകള്‍ നേടിയാണ് ശ്രീകാന്ത് രണ്ടാം സ്ഥാനത്തെത്തിയത്. രണ്ടാം റാങ്കിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം കൂടിയാണ് ശ്രീകാന്ത്.
വനിതാ വിഭാഗത്തില്‍ പി.വി സിന്ധു രണ്ടാം റാങ്ക് നിലനിര്‍ത്തിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ മലയാളി താരം എച്.എസ് പ്രണോയ് ഒരു സ്ഥാനം ഉയര്‍ന്ന് കരിയര്‍ ബെസ്റ്റായ പതിനൊന്നിലെത്തി. മറ്റൊരു വനിതാ താരം സൈന നേഹ്‌വാളും പതിനൊന്നാം റാങ്കിലുണ്ട്.
ഡെന്‍മാര്‍ക് താരം വിക്ടര്‍ അക്‌സലസനാണ് നിലവില്‍ പുരുഷ വിഭാഗത്തില്‍ ഒന്നാം റാങ്കിലുള്ളത്. ശ്രീകാന്ത് നാലാം റാങ്കില്‍ നിന്നാണ് ഒറ്റയടിക്ക് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടിലെത്തിയത്. കഴിഞ്ഞ ദിവസം ഫ്രഞ്ച് ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം നേടി ശ്രീകാന്ത് ഒരു കലണ്ടര്‍ വര്‍ഷം നാല് സൂപ്പര്‍ സീരീസ് നേടുന്ന ലോകത്തിലെ നാലാമത്തെ മാത്രം താരമെന്ന പെരുമയും സ്വന്തമാക്കിയിരുന്നു.
ഈ വര്‍ഷം നേരത്തെ ഇന്തോനേഷ്യ, ആസ്‌ത്രേലിയ, ഡെന്‍മാര്‍ക് സൂപ്പര്‍ സീരീസ് കിരീടങ്ങളായിരുന്നു താരം സ്വന്തമാക്കിയത്. സിംഗപ്പൂര്‍ സൂപ്പര്‍ സീരീസ് പോരാട്ടത്തിന്റെ ഫൈനലിലെത്തിയ ശ്രീകാന്തിനെ ഇന്ത്യയുടെ മലയാളി താരം പ്രണോയ് പരാജയപ്പെടുത്തിയിരുന്നു. ഒരു സൂപ്പര്‍ സീരീസ് പോരാട്ടത്തിന്റെ ഫൈനലില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ആദ്യമായാണ് അന്ന് ഏറ്റുമുട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."