തളിക്കുളത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്തി
വാടാനപ്പള്ളി : തളിക്കുളം സെന്ററിനടുത്തുള്ള വീട്ടുപറമ്പില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് കെ.എസ്.ഇ.ബി ഓഫിസിനടുത്ത് കുന്നത്ത് ശാന്തകുമാരിയുടെ വീടിന്റെ മുറ്റത്ത് പ്രത്യേകതരം കാല്‍പാടുകള്‍ കണ്ടത്.
മുറ്റത്ത് മതിലിനോട് ചേര്‍ന്ന് നീളത്തില്‍ കുഴി ഉണ്ടാക്കി വലിയ വേരുകളും മറ്റും കടിച്ച് മുറിച്ച നിലയിലാണ്. പുലിയുടേതിന് സമാനമായ കാല്‍പാടുകള്‍ തന്നെയാണ് വീട്ടുമുറ്റത്തുള്ളതെന്ന് തളിക്കുളം ഗ്രാമ പഞ്ചായത്തംഗവും തളിക്കുളം ആനിമല്‍ സ്‌കോഡ് അംഗവുമായ എം.ആര്‍ രമേഷ് പറഞ്ഞു.
വലിയതും മൂര്‍ച്ചയേറിയതുമായ പല്ലുകള്‍കൊണ്ടാണ് വേരുകള്‍ കടിച്ച് മുറിച്ചിട്ടുള്ളതെന്നും മണ്ണിലേക്ക് താഴ്ചയില്‍ പതിഞ്ഞ കാല്‍പാടുകളാണ് കണ്ടതെന്നും രമേഷ് പറഞ്ഞു. പറമ്പില്‍ നിന്നും ലഭിച്ച പുലിയുടേതെന്ന് സംശയിക്കുന്ന രോമങ്ങള്‍ ഇദേഹം ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധനക്കയക്കുമെന്നും രമേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പത്തിന് ശേഷം മുറ്റത്ത് നിന്ന് മാംസത്തിന്റേതെന്ന് സംശയിക്കുന്ന ഗന്ധം ഉണ്ടായിരുന്നെന്നും രാത്രി ഏറെ വൈകിയും ഇതനുഭവപ്പെട്ടിരുന്നെന്നും വീട്ടുകാര്‍ പറഞ്ഞു.
പുലിയിറങ്ങുന്ന പ്രദേശങ്ങളില്‍ ഇത് പോലെയുള്ള ഗന്ധം ഉണ്ടാകാറുണ്ടെന്ന് വിദഗ്ദര്‍ പറഞ്ഞു. തളിക്കുളം സെന്ററില്‍ നിന്ന് കുറച്ച് ദിവസങ്ങള്‍ക്കിടയില്‍ നിരവധി തെരുവ് നായക്കളെ കാണാതായതും ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കാണാതായ നായകളെ പുലി ഭക്ഷിക്കാനാണ് സാധ്യതയെന്നും ആനിമല്‍ സ്‌ക്വാഡ് അംഗങ്ങള്‍ പറയുന്നു.
തളിക്കുളത്ത് കണ്ട കാല്‍പാടുകള്‍ പുലിയുടെ വര്‍ഗത്തില്‍പ്പെട്ട കറ്റാംപുലിയെന്നും പട്ടി പുലിയെന്നും വിളിക്കുന്ന ജീവിയുടേതാകാനാണ് സാധ്യതയെന്നും ഇത്തരം പുലിയെ മാസങ്ങള്‍ക്ക് മുമ്പ് കാഞ്ഞാണി ഭാഗത്ത് കണ്ടെത്തിയിരുന്നതായും ആനിമല്‍ സ്‌ക്വാഡ് പ്രവര്‍ത്തകര്‍ പറയുന്നു.
തളിക്കുളത്തിന്റെ സമീപ പ്രദേശങ്ങളില്‍ ചെറിയ കാടുകള്‍ ഉള്ളത് കൊണ്ട് തന്നെ പുലിയുടെ സാന്നിധ്യത്തെ സംശയിക്കുന്നതില്‍ തെറ്റില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇതിന് മുന്‍പും വന്യജീവികളെ പലപ്പോഴായി തളിക്കുളത്തും സമീപ പ്രദേശങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."