ഗെയില്‍ പൈപ്പ് ലൈന്‍: യു.ഡി.എഫിന് ഇരട്ടത്താപ്പെന്ന് കോടിയേരി
തൃശൂര്‍: ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത് യു.ഡി.എഫിന്റെ ഇരട്ടത്താപ്പാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃശൂരില്‍ എല്‍.ഡി.എഫ് ജനജാഗ്രതയാത്രയുടെ വടക്കന്‍മേഖലാ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഗെയില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. അന്ന് യു.ഡി.എഫ് പദ്ധതിയെ ന്യായീകരിച്ചു.
നാല് ലീഗ് എം.എല്‍.എമാര്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് പദ്ധതി അപകട രഹിതമെന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്‍കിയത്. എന്നാല്‍ പദ്ധതി ഇല്ലാതാക്കാനാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ ശ്രമം. പ്രാദേശികമായി പദ്ധതിയെ എതിര്‍ക്കുന്നവരുണ്ട്. ഏത് വികസനം വന്നാലും എസ്.ഡി.പി.ഐയും സോളിഡാരിറ്റിയും എതിര്‍ക്കും. അതിന് കൂട്ടുനില്‍ക്കുന്ന സമീപനമാണ് യു.ഡി.എഫ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ്. അതുകൊണ്ട് തന്നെ ബി.ജെ.പി ഈ പദ്ധതിയെ എതിര്‍ക്കാന്‍ പാടില്ല. കേരളത്തിന്റെ വ്യവസായ വളര്‍ച്ചക്കും നിരവധി തൊഴിലവസരങ്ങള്‍ക്കും പദ്ധതി സഹായകമാണ്. എല്‍.ഡി.എഫ് ഭരിക്കുന്ന സംസ്ഥാനത്ത് വികസനം തടസപ്പെടുത്തുന്ന നയമാണ് ബി.ജെ.പിയും കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് പരിഹരിക്കും. സ്ഥലം വിട്ടുകൊടുക്കുന്ന കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കും. ഒരിക്കലും അവര്‍ക്ക് കണ്ണീരു കുടിക്കേണ്ടി വരില്ലെന്നും കോടിയേരി പറഞ്ഞു.
സമാപന സമ്മേളനം ജനതാദള്‍ അഖിലേന്ത്യ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി ഉദ്ഘാടനം ചെയ്തു. സത്യന്‍ മൊകേരി (സി.പി.ഐ), പി എംജോയ്( ജനതാദള്‍), പി.കെ രാജന്‍ മാസ്റ്റര്‍ (എന്‍.സി.പി), ഇ.പി. വേശാല (കോണ്‍ഗ്രസ് (എസ്) ), സ്‌കറിയതോമസ്(കേരളാ കോണ്‍ഗ്രസ്) , ടി.പി പീതാംബരന്‍ മാസ്റ്റര്‍, സംസാരിച്ചു. സംസ്ഥാന സെക്രട്ടേറിയംഗം ബേബിജോണ്‍, മന്ത്രിമാരായ എ.സി മൊയ്തീന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, വി.എസ് സുനില്‍കുമാര്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍, ഇന്നസെന്റ് എം.പി, കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ, കെ രാജന്‍ എം.എല്‍.എ, പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ, ജോസ് തെറ്റയില്‍, സാഹിത്യഅക്കാദമി പ്രസിഡണ്ട് വൈശാഖന്‍, സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സന്‍ കെ.പി.എ.സി ലളിത, ജയരാജ് വാര്യര്‍, സംവിധായകന്‍ പ്രിയനന്ദന്‍, കവി രാവുണ്ണി, ഗാന രചയിതാവ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."