ലാത്തി ചാര്‍ജ്: സി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി
ചാവക്കാട്: സമാധാനപരമായ സമരം നടത്തിയ നിരായുധരായ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കുനേരെ തോക്കുചൂണ്ടാന്‍ ചാവക്കാട് പൊലിസിന് ആരാണ് അധികാരം നല്‍കിയതെന്ന് എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് കെ.പി.സന്ദീപ്. വ്യാഴാഴ്ച്ച ചാവക്കാട് സ്റ്റേഷനു മുന്നില്‍ നടന്ന പൊലിസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച് സി.പി.ഐ പ്രവര്‍ത്തകര്‍ ചാവക്കാട് നടത്തിയ പ്രകടനത്തിന് ശേഷം ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൊലിസ് നയം ജനങ്ങളെ ശത്രുരാജ്യത്തെ പട്ടാളത്തെ നേരിടുന്നതുപോലെ തല്ലിച്ചതയ്ക്കുന്നതല്ലെന്നും ആ നയം ഇനിയും മനസിലാകാത്ത പൊലിസുകാരുണ്ടെങ്കില്‍ അത് അറിയിച്ചുകൊടുക്കാന്‍ പ്രാപ്തിയുള്ളവര്‍ തന്നെയാണ് കമ്മ്യൂണിസ്റ്റുകാരെന്നും സന്ദീപ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സ്റ്റേഷനില്‍ കൊണ്ടുവന്ന് ക്രൂരമായി മര്‍ദ്ദിച്ച ഉദ്യോഗസ്ഥനെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ചുമത്തി ക്രിമിനല്‍ നടപടിയെടുക്കുന്നതിന് പകരം അവരെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ട് പൊലിസിലെ ക്രിമിനലുകളെ വളര്‍ത്തുകയാണ് ജില്ലാ പൊലിസ് മേധാവിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.ഐ മണ്ഡലം സെക്രട്ടറി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നും ആരംഭിച്ച് നഗരംചുറ്റി ചാവക്കാട് സെന്ററില്‍ സമാപിച്ചു. പ്രകടനത്തിന് സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.കെ സുധീരന്‍, മണ്ഡലം സെക്രട്ടറി പി മുഹമ്മദ് ബഷീര്‍, അസി. സെക്രട്ടറി സി.വി ശ്രീനിവാസന്‍, നേതാക്കളായ പി.കെ.രാജേശ്വരന്‍, ഐ.കെ.ഹൈദ്രാലി, കെ.എ.ജേക്കബ്, എ.എം.സതീന്ദ്രന്‍, കെ.സി.അപ്പുണ്ണി, പി.എസ്.ജയന്‍, എന്‍.പി.നാസര്‍, അഭിലാഷ് വി.ചന്ദ്രന്‍, വി.എസ്. സുബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."