കേന്ദ്രാവിഷ്കൃത ക്ഷേമ പെന്‍ഷനുകള്‍ മാസവും നല്‍കണം: കെ.വി തോമസ് എം.പി
കൊച്ചി: നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം വഴി വയോജനങ്ങള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് നല്കി വരുന്ന ക്ഷേമ പെന്‍ഷനുകള്‍ എല്ലാ മാസവും കൃത്യമായി നല്‍കണമെന്ന് പ്രൊഫ.കെ.വി തോമസ് എം.പി നിര്‍ദേശിച്ചു. പെന്ഷന് ലഭിക്കാന്‍ അര്‍ഹരായവരെ കണ്ടെത്താന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണം തേടണമെന്നും ക്ഷേമപെന്‍ഷനുകള്‍ പൂര്‍ണമായും ബാങ്ക് അക്കൗണ്ടുകള്‍ വഴിയാക്കണമെന്നും എം.പി പറഞ്ഞു.
വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫണ്ട് കിട്ടുന്നതിനനുസരിച്ചാണ് നിലവില്‍ പെന്ഷന് നല്കിവരുന്നതെന്ന് പദ്ധതി നടത്തിപ്പ് ചുമതലയുള്ള പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.
പെന്ഷന് നല്കിയ കണക്ക് യഥാസമയം സമര്‍പ്പിക്കാത്തതിനാലാണ് വീണ്ടും ഫണ്ട് അനുവദിക്കാന്‍ വൈകുന്നതെന്നും അതിനാല്‍ എല്ലാ മാസവും കൃത്യമായി പെന്ഷന് ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് പി.ടി തോമസ് എം.എല്‍.എ നിര്‍ദേശിച്ചു. പെന്ഷന് അര്‍ഹരായവരുടെ പട്ടിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."