നടി ആക്രമിക്കപ്പെട്ട കേസ്: സി.ബി.ഐ അന്വേഷണം വേണമെന്ന് ദിലീപ്
കൊച്ചി: നടി ആക്രമിക്കപ്പട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് രംഗത്ത്. അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ദിലീപ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു.
സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും എ.ഡി.ജി.പി ബി. സന്ധ്യയും ചേര്‍ന്നാണ് തന്നെ കേസില്‍ കുടുക്കിയതെന്നും ദിലീപ് കത്തില്‍ പറയുന്നു. പന്ത്രണ്ട് പേജുള്ള കത്ത് രണ്ടാഴ്ച മുന്‍പാണ് ദിലീപ് അഭ്യന്തരസെക്രട്ടറിക്ക് അയച്ചത്.
യുവനടി ആക്രമിക്കപ്പെട്ടതിനുശേഷമുള്ള സംഭവങ്ങള്‍ കത്തില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഏപ്രില്‍ പത്തിനാണ് പള്‍സര്‍ സുനിയുടെ ആളുകള്‍ തനിക്കെതിരേ ഭീഷണിയുയര്‍ത്തി സംവിധായകന്‍ നാദിര്‍ഷായെ വിളിച്ചത്. അന്നുതന്നെ ഇക്കാര്യം ഡി.ജി.പിയെ വിളിച്ചറിയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ നേരിട്ടുകണ്ട് പരാതി നല്‍കുകയും ചെയ്തു. ഏപ്രില്‍ 18, 20, 21 ദിവസങ്ങളിലുണ്ടായ ബ്ലാക്ക് മെയില്‍ ഫോണ്‍ വിളികളുടെ ശബ്ദരേഖയും ഡി.ജി.പിക്കു കൈമാറി. ഇതുവരെയും ഇവ പരിശോധിക്കാന്‍ പൊലിസ് തയാറായിട്ടില്ലെന്നും കത്തില്‍ പറയുന്നു.
പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. സത്യം ഇതായിരിക്കെ മറ്റൊരു തരത്തിലാണ് ഡി.ജി.പിയും അന്വേഷണ സംഘവും പെരുമാറിയത്. വ്യാജ തെളിവുകളുണ്ടാക്കി തന്നെ കുടുക്കുകയായിരുന്നു.
ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്, ക്രൈംബ്രാഞ്ച് എസ്.പി സുദര്‍ശന്‍, ഡിവൈ.എസ്.പി സോജന്‍ വര്‍ഗീസ്, ആലുവ സി.ഐ ബൈജു പൗലോസ് എന്നിവരെ കേസ് അന്വേഷണത്തില്‍നിന്നു മാറ്റിനിര്‍ത്തണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."