ജി.എസ്.ടി കുരുക്ക് തദ്ദേശ സ്ഥാപനങ്ങള്‍ക്ക്;
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളില്‍ ജി.എസ്.ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും സെക്രട്ടറിമാര്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്ത് മേലധികാരികളെ അറിയിക്കണമെന്നാണ് നിര്‍ദേശത്തിലുള്ളത്. വില്‍പ്പനകള്‍, വാങ്ങലുകള്‍, നെറ്റ് പേയ്‌മെന്റ് എന്നിവ നിശ്ചിത തിയതികള്‍ക്ക് മുന്‍പായി ജി.എസ്.ടി പോര്‍ട്ടലില്‍ ഫയല്‍ ചെയ്യണമെന്നും നിര്‍ദേശത്തിലുണ്ട്.
കഴിഞ്ഞ ജൂലൈ ഒന്നുമുതലുള്ള എല്ലാ പ്രവൃത്തികള്‍ക്കും ജി.എസ്.ടി നിര്‍ബന്ധമാണ്. ജൂണ്‍ 30നകം പൂര്‍ത്തിയാക്കി മെഷര്‍മെന്റ് ബുക്കില്‍ രേഖപ്പെടുത്തിയവക്ക് ജി.എസ്.ടി ബാധകമല്ല.
വിവിധ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള ജി.എസ്.ടി ബാധകമാക്കണം. പഴയ വാഹനങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ ലേലംചെയ്ത് വില്‍ക്കുമ്പോള്‍ ജി.എസ്.ടി ചേര്‍ത്തുള്ള തുക ലേലംവിളിച്ച വ്യക്തിയില്‍നിന്ന് ഈടാക്കണം.
ഷോപ്പിങ് കോംപ്ലക്‌സുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ നിര്‍മിച്ച് വാടകയ്ക്ക് നല്‍കുമ്പോഴും ജി.എസ്.ടി ബാധകമാണ്. മരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന എല്ലാ കരാറുകാരും അക്രഡിറ്റഡ് ഏജന്‍സികളും ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികളും നിര്‍ബന്ധമായും ജി.എസ്.ടി എടുക്കുകയും ടെന്‍ഡറിനോടൊപ്പം ഹാജരാക്കുകയും വേണമെന്നും നിര്‍ദേശത്തിലുണ്ട്. വ്യക്തിഗത സഹായങ്ങള്‍ക്കുള്ള പരിശോധന, സ്റ്റേജ് സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍, അനാഥാലയം എന്നിവയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് ജി.എസ്.ടി ബാധകമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."