ജിഷ്ണു കേസ്: സി.ബി.ഐക്ക് സുപ്രിംകോടതിയുടെ അന്ത്യശാസനം
ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ സി.ബി.ഐക്ക് സുപ്രിംകോടതിയുടെ അന്ത്യശാസനം.
അന്വേഷണം തങ്ങള്‍ക്കു വിട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം കിട്ടിയിട്ടില്ലെന്ന് സി.ബി.ഐ അറിയിച്ചതിനുപിന്നാലെയാണ് കോടതിയുടെ നടപടി. അഞ്ചുദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്ന് കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു. അടുത്തതവണ കേസ് പരിഗണിക്കുന്നതിന് മുന്‍പ് സി.ബി.ഐ അന്തിമ നിലപാട് അറിയിച്ചില്ലെങ്കില്‍ സ്വന്തംനിലക്ക് തീരുമാനമെടുക്കുമെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ നേരത്തേ സുപ്രിംകോടതി സി.ബി.ഐക്കു നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സി.ബി.ഐ നിലപാട് അറിയിച്ചത്. കേസ് സി.ബി.ഐക്കു കൈമാറാന്‍ സന്നദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ മാസങ്ങള്‍ക്കുമുന്‍പ് സുപ്രിംകോടതിയെ അറിയിച്ചിരുന്നു.
ഇതുപ്രകാരം കേസ് സി.ബി.ഐക്കുവിട്ട് കഴിഞ്ഞ ജൂണ്‍ 15ന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയുംചെയ്തു. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് ഇന്നലെ ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് മുന്‍പാകെ സി.ബി.ഐ വ്യക്തമാക്കിയത്. കേസില്‍ ആദ്യമായാണ് ഇന്നലെ സി.ബി.ഐ അഭിഭാഷകര്‍ കോടതിയില്‍ ഹാജരായത്. സര്‍ക്കാരിന്റെ വിജ്ഞാപനം കിട്ടാതെ ഇക്കാര്യത്തില്‍ തങ്ങള്‍ക്കു തീരുമാനമെടുക്കാനാവില്ലെന്നും സി.ബി.ഐ അറിയിച്ചു.
സി.ബി.ഐയുടെ നിലപാടുകേട്ട കോടതി, ഇതാണ് നിങ്ങളുടെ മറുപടിയെങ്കില്‍ കോടതിക്ക് എന്തുചെയ്യാനാവുമെന്നു തിരിച്ചുചോദിച്ചു. എന്നാല്‍, സി.ബി.ഐയുടെ അവകാശവാദത്തെ കേരളം എതിര്‍ത്തു. ജൂണ്‍ ഒന്‍പതിന് ഇറക്കിയ വിജ്ഞാപനം രേഖാമൂലം സി.ബി.ഐയെ അറിയിച്ചിട്ടുണ്ടെന്നും അതിന്റെ പകര്‍പ്പ് സി.ബി.ഐ അഭിഭാഷകര്‍ക്കു കൈമാറിയതാണെന്നും സംസ്ഥാന സര്‍ക്കാര്‍ മറുപടി പറഞ്ഞു.
നേരത്തേ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ടെന്നും അറിയിച്ചു. ഇരുവിഭാഗത്തിന്റെയും വാദംകേട്ട ശേഷമാണ് കോടതി സി.ബി.ഐക്ക് അന്ത്യശാസനം നല്‍കിയത്. കേസില്‍ ബുധനാഴ്ച വിശദമായി വാദംകേള്‍ക്കും. ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിക്കുകയും നെഹ്‌റു ഗ്രൂപ്പിനു കീഴിലുള്ള ലക്കിടി കോളജിലെ ഷഹീര്‍ ഷൗക്കത്തലിക്ക് മര്‍ദനമേല്‍ക്കുകയും ചെയ്ത കേസുകളില്‍ പ്രതികളായ കൃഷ്ണദാസ് അടക്കമുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയാണ് നിലവില്‍ കോടതി മുന്‍പാകെയുള്ളത്.
നിലവില്‍ കേസന്വേഷിക്കുന്ന കേരളാ പൊലിസിന്റെ നടപടി ശരിയായ ദിശയിലല്ലെന്നും അതിനാല്‍ എത്രയുംവേഗം കേസില്‍ സി.ബി.ഐ അന്വേഷണം തുടങ്ങണമെന്നും ആവശ്യപ്പെട്ട് ഈ കേസില്‍ ജിഷ്ണുവിന്റെ അമ്മ മഹിജ കഴിഞ്ഞമാസം കക്ഷിചേര്‍ന്നിരുന്നു. പത്തു മാസത്തെ അന്വേഷണത്തില്‍ കേസില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. ജാമ്യത്തില്‍ ഇറങ്ങിയവര്‍ തെളിവുനശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും മഹിജ ഹരജിയില്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."