വിലക്കുറവും ചൂഷണവും വന വിഭവങ്ങള്‍ ശേഖരിക്കുന്ന ആദിവാസികള്‍ക്ക് തിരിച്ചടി
പുല്‍പ്പള്ളി: ആയൂര്‍വേദ മരുന്നുകളുടെ നിര്‍മാണത്തിന് അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന കുറുന്തോട്ടി ശേഖരിക്കുന്ന ആദിവാസികള്‍ക്ക് തിരിച്ചടി.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വനത്തില്‍നിന്നും കുറുന്തോട്ടി പറിച്ചെടുക്കുന്ന ആദിവാസികളാണ് വിലക്കുറവുമൂലവും,വില്‍ക്കുന്നതിന് പണം ലഭിക്കാതെയും ദുരിതത്തിലായിരിക്കുന്നത്.
ആദിവാസികള്‍ ശേഖരിക്കുന്ന കുറുന്തോട്ടി സംഭരിച്ച് ആയൂര്‍വേദശാലകള്‍ക്ക് നല്‍കുന്നത് ആദിവാസികളുടെ സഹകരണസംഘങ്ങള്‍ മുഖേനയാണ്.
എന്നിട്ടും ഈ രംഗത്ത് തങ്ങള്‍ ചൂഷണത്തിന് വിധേയരാകുകയാണെന്നാണ് ആദിവാസികള്‍ പറയുന്നത്.
കിലോഗ്രാമിന് 15-രൂപ നിരക്കിലാണ് സൊസൈറ്റി ആദിവാസികളില്‍ നിന്നും പച്ചകുറുന്തോട്ടി വിലക്കെടുക്കുന്നത്. പിന്നീട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉണക്കിയാണ് ആയൂര്‍വേദശാലകള്‍ക്ക് നല്‍കുന്നത്. പച്ച കുറുന്തോട്ടി ഉണക്കിയാല്‍ മൂന്നില്‍ ഒന്നാണ് ലഭിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കി.ഗ്രാമിന് 75.50-രൂപക്കാണ് കോട്ടക്കല്‍ ആര്യവൈദ്യശാലക്ക് വയനാട്ടിലെ ആദിവാസി സഹഘരണാംഗങ്ങള്‍ ഉണങ്ങിയ കുറുന്തോട്ടി വില്‍പ്പന നടത്തിയത്.
പുല്‍പ്പള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പട്ടികജാതി-പട്ടിക വര്‍ഗ സഹകരണസംഘം 2015-ല്‍ 6000-കി.ഗ്രാം ഉണങ്ങിയ കുറുന്തോട്ടിയാണ് വില്‍പന നടത്തിയത്. കഴിഞ്ഞ വര്‍ഷം മഴ കുറഞ്ഞതിനാല്‍ കുറുന്തോട്ടി സംഭരണം നടന്നില്ല. ഈ വര്‍ഷം മഴ നീണ്ടുനിന്നതിനാല്‍ സംഭരിച്ച കുറുന്തോട്ടി ഉണക്കാനാവാതെ സംഘങ്ങള്‍ ദുരിതത്തിലായി.
കുറുന്തോട്ടിക്കു പുറമെ ഔഷധസസ്യങ്ങളായ ചുണ്ട, മൂവില, ഓരില എന്നിവയും വനത്തില്‍ നിന്നും ശേഖരിച്ച് സംസ്‌കരിച്ച് സൊസൈറ്റികള്‍ വിപണനം നടത്താറുണ്ടായിരുന്നു. ഇവക്കു പുറമെ വനത്തില്‍ നിന്നും ഏറ്റവുമധികം ശേഖരിച്ച് വിപണനം നടത്തുന്ന മറ്റൊരു വിഭവമായിരുന്നു കല്‍പാശം. 300-രൂപക്ക് ആദിവാസികളില്‍ നിന്നും ശേഖരിക്കുന്ന കല്‍പാശം 390-രൂപക്കാണ് കഴിഞ്ഞ വര്‍ഷം വിപണനം നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ കടുത്ത വരള്‍ച്ചമൂലം ഇവയൊന്നും ഇത്തവണ വനത്തില്‍ നിന്നും ലഭിക്കുന്നില്ലെന്ന് ആദിവാസികള്‍ പറയുന്നു.
ജില്ലയിലെ പട്ടിക വര്‍ഗസംഘങ്ങള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ കേരള സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്‍ മുഖേനയാണ് വിപണനം നടത്തിയിരുന്നത്. ഫെഡറേഷന്‍ മുന്‍കൂറായി പണം നല്‍കാത്തതിനാല്‍ വനത്തില്‍ നിന്നും വനവിഭവങ്ങള്‍ ശേഖരിക്കുന്ന ആദിവാസികള്‍ക്ക് കൃത്യമായി പണം നല്‍കാന്‍ സഹകരണ സംഘങ്ങള്‍ക്കും കഴിയുന്നില്ല.
ഫെഡറേഷന്‍ ലേലം ചെയ്താണ് വനവിഭവങ്ങള്‍ വിപണനം നടത്തുന്നത്. ലേലം കൊള്ളുന്ന സ്ഥാപനം ലേലതുകയുടെ പകുതി തുക അഡ്വാന്‍സായി ഫെഡറേഷന് നല്‍കാറുണ്ടെങ്കിലും ഫെഡറേഷന്‍ ഈ തുക പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കാറില്ല. ഇതെല്ലാം ഫലത്തില്‍ ദുരിതമായി ചെന്നെത്തുന്നത് ഇവ വനത്തില്‍ നിന്നും ശേഖരിക്കുന്ന ആദിവാസികളിലാണ്. അസംഘടിതരായ ആദിവാസികള്‍ക്ക് ഇതിനെതിരെ പ്രതികരിക്കാനും കഴിയാത്ത സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."