ഡോണ്‍ ബോസ്കോ കോളജിനെതിരേ എസ്.എഫ്.ഐ നടത്തുന്ന സമരം അനാവശ്യമെന്ന്
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്കോ കോളജിനെതിരെ എസ്.എഫ്.ഐ നടത്തുന്ന അനിശ്ചിതകാല സമരം അനാവശ്യമാണെന്ന് കോളജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.
വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചിരിക്കുന്ന കോളജ് കാംപസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ച ജിഷ്ണു വേണുഗോപാല്‍ എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ സസ്പെന്ഷന് നല്കി തെറ്റുതിരുത്തണമെന്ന് കോളജ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ സംഘടനാപ്രവര്‍ത്തകരെ ഉപയോഗിച്ച് ജൂലെ 11ന് കോളജ് തല്ലിത്തകര്‍ക്കുകയായിരുന്നു ഇയാളെന്ന് അധികൃതര്‍ ആരോപിച്ചു. ഇതില്‍ പൊലിസ് കേസെടുക്കുകയും ജിഷ്ണു അടക്കം പ്രധാന പ്രതികള്‍ വിവിധ കുറ്റങ്ങളുടെ പേരില്‍ ഒരുമാസത്തോളം ജയിലില്‍ അടക്കപ്പെടുകയും ചെയ്തിരുന്നു. കോടതിയുടെ നിഗമനത്തില്‍ 9.5 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിക്കുകയും രണ്ടാഴ്ചയോളം അധ്യയനം നഷ്ടപ്പെടുകയും ചെയ്തു.
കോളജിനുള്ളില്‍ രാഷ്ട്രീയം പാടില്ല എന്ന പ്രഖ്യാപിത നിയമങ്ങള്‍ അംഗീകരിച്ചാണ് ഓരോ വിദ്യാര്‍ഥിയും ഈ കോളജില്‍ പ്രവേശനം നേടുന്നത്. കഴിഞ്ഞ 13 വര്‍ഷമായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡോണ്‍ ബോസ്കോ കോളജില്‍ നാളിതുവരെയും അധ്യാപകരുടേയും രക്ഷാകര്‍തൃ സമിതിയുടെയും വിദ്യാര്‍ഥികളുടെയും പൊതുധാരണ പ്രകാരം കാംപസില്‍ രാഷ്ട്രീയം കൊണ്ടുവരാതെ സൂക്ഷിച്ചിട്ടുണ്ട്. കോളജിന്റെ നിയമാവലിക്കെതിരേ കുറ്റം ചെയ്യുന്ന വിദ്യാര്‍ഥിയെ നടപടി പ്രകാരം താക്കീത് നല്‍കുകയും പിന്നീട് സസ്പെന്ഷന് നല്‍കുകയും ചെയ്തിട്ടും തെറ്റു തിരുത്താന്‍ തയാറാകാത്തതിനെത്തുടര്‍ന്നാണ് പിരിച്ചുവിട്ടത്. ഇതിനുള്ള അവകാശവും അധികാരവും സ്ഥാപനത്തിനുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ഡോണ്‍ബോസ്കോ കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് ഉള്ളാട്ടില്‍, ടി.ടി. ബിജു, കെ.ജെ എല്‍ദോ, പി.പി ആന്റണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."