സഹപാഠിയുടെ വീട്ടില്‍ പ്രകാശം പരത്തി സ്‌കൂള്‍ ഊര്‍ജക്ലബ്
വടകര: ഒടുവില്‍ അഭിനന്ദിന്റെ വീട്ടില്‍ വൈദ്യുതിയുടെ വെള്ളിവെളിച്ചം പരന്നു. തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഊര്‍ജ ക്ലബിന്റെ പ്രവര്‍ത്തനഫലമായി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അഭിനന്ദിന്റെ വീട്ടില്‍ വൈദ്യുതി ലഭിച്ചു.
തിരുവള്ളൂര്‍ തുരുത്തിയിലെ നെല്ലിയുള്ള പറമ്പത്ത് നാണുവിന്റെ മകനാണ് അഭിനന്ദ്. നാലു സെന്റ് ലക്ഷംവീട് കോളനിയില്‍ കുടുംബം താമസം ആരംഭിച്ചിട്ട് പതിനേഴുവര്‍ഷമായി.
അന്നുമുതല്‍ പല കാരണങ്ങളാല്‍ താമസ സ്ഥലത്തിനു പട്ടയം ലഭിച്ചില്ല. പട്ടയമില്ലാത്തതിനാല്‍ വീട്ടില്‍ വൈദ്യുതി കണക്ഷനുമില്ല. സ്‌കൂള്‍ ഊര്‍ജ ക്ലബിന്റെ ആഭിമുഖ്യത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളുടെയും വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വേ നടത്തിയപ്പോഴാണ് അഭിനന്ദിന്റെ വീട്ടില്‍ വൈദ്യുതിയില്ലാത്ത വിവരം അറിയുന്നത്. നാണുവിനു പട്ടയം ലഭിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഊര്‍ജ ക്ലബ് കോഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ വടകര തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കി.
ഇതേ ആവശ്യവുമായി ഭരണകക്ഷി നേതാക്കളെയും ബന്ധപ്പെട്ടു. വിദ്യാര്‍ഥിയുടെ പഠന ആവശ്യം ബോധ്യപ്പെട്ട തഹസില്‍ദാര്‍ അനുകൂല നിലപാടെടുത്തതോടെ നാണുവിന് പട്ടയം ലഭിച്ചു. പിന്നീട് കെ.എസ്.ഇബി.യോടായി ഊര്‍ജ ക്ലബിന്റെ അപേക്ഷ. തിരുവള്ളൂര്‍ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയറും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമായ കെ. അജേഷ് പ്രത്യേക താല്‍പര്യമെടുത്ത് ഉടന്‍തന്നെ അഭിനന്ദന്റെ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുകയായിരുന്നു.
ആഹ്ലാദം പങ്കിടാന്‍ ഊര്‍ജ ക്ലബംഗങ്ങളും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും അഭിനന്ദിന്റെ വീട്ടിലെത്തി. ഊര്‍ജ ക്ലബ് വക എല്‍.ഇ.ഡി ബള്‍ബും സമ്മാനമായി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."