ഇരകള്‍ക്ക് ആശ്വാസമായി യു.ഡി.എഫ് നേതാക്കള്‍ എരഞ്ഞിമാവില്‍
അരീക്കോട്: ഗെയില്‍ പദ്ധതിയുടെ മറവില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മുക്കത്തും എരഞ്ഞിമാവിലും പൊലിസ് നടത്തിയ അഴിഞ്ഞാട്ടത്തില്‍ വിറങ്ങലിച്ച പ്രദേശവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് യു.ഡി.എഫ് നേതാക്കള്‍ എരഞ്ഞിമാവ് സന്ദര്‍ശിച്ചു. കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം.ഐ ഷാനവാസ്, എം.കെ രാഘവന്‍, എം.എല്‍.എമാരായ പി.കെ ബഷീര്‍, പാറക്കല്‍ അബ്ദുല്ല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ പത്തിന് എരഞ്ഞിമാവിലെ പദ്ധതി പ്രദേശവും ഇരകളുടെ വീടും സന്ദര്‍ശിച്ചത്.
പൊലിസ് അക്രമത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന പ്രദേശത്ത് യു.ഡി.എഫിന്റെ ഉന്നതനേതാക്കളെത്തുന്നതറിഞ്ഞ് മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ രാവിലെ ഒന്‍പതിന് തന്നെ എരഞ്ഞിമാവിലെത്തിയിരുന്നു. നേതാക്കള്‍ എത്തുന്നതിന് മുമ്പായി മുസ്‌ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. തുടര്‍ന്ന് എരഞ്ഞിമാവ് അങ്ങാടിയില്‍ പൊതുസമ്മേളവും നടത്തി. സമരസമിതി ചെയര്‍മാന്‍ സി.പി ചെറിയ മുഹമ്മദ് അധ്യക്ഷനായി.
മലപ്പുറം, കോഴിക്കോട് ഡി.സി.സി പ്രസിഡന്റുമാരായ അഡ്വ. വി.വി പ്രകാശ്, അഡ്വ. ടി സിദ്ദീഖ്, വി.എം ഉമ്മര്‍ മാസ്റ്റര്‍, എം.എ റസാഖ് മാസ്റ്റര്‍, ഉമ്മര്‍ പാണ്ടികശാല, കെ.പി.സി.സി ജന. സെക്രട്ടറി പ്രവീണ്‍ കുമാര്‍, ഡോ. ഹരിപ്രിയ, കെ.പി നൗഷാദലി, എന്‍ വേണു എന്നിവര്‍ സംസാരിച്ചു. പൊലിസിന്റെ ഭീകരതാണ്ഡവത്തിനിരയായ എരഞ്ഞിമാവിലെ ജനങ്ങള്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് മുന്നില്‍ സങ്കടകഥകളുടെ കെട്ടഴിച്ചു.
മക്കളെ ജയിലിലടച്ച പൊലിസിന്റെ കിരാത നടപടിക്കെതിരേ രോഷം കൊണ്ട വീട്ടമ്മമാര്‍ വി.എം സുധീരന്റെ മുന്നില്‍ സമാധാനന്തരീക്ഷം തിരികെയെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്നാവശ്യപ്പെട്ടു. സമരക്കാര്‍ ഓടിക്കയറിയതായി ആരോപിച്ച് പൊലിസ് വീട്ടിലേക്ക് അതിക്രമിച്ച് കയറിയതായും അകത്ത് നിന്ന് കുറ്റിയിട്ട വാതിലുകള്‍ വരെ ചവിട്ടി തുറക്കാനുള്ള ശ്രമം നടത്തിയതായും മുന്‍വശത്തുണ്ടായിരുന്നവരെ ബലമായി പിടിച്ച് വലിച്ചതായും സ്ത്രീകള്‍ പറഞ്ഞു.
ഭയമില്ലാതെ പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഏത് നിമിഷവും പൊലീസ് പിടിച്ച് കൊണ്ട് പോവുമെന്ന വേവലാതിയിലാണ്.
കുട്ടികളെ സ്‌കൂളിലേക്ക് അയക്കാന്‍ ഭയപ്പെടുകയാണ്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ കുട്ടികള്‍ വരെ പിടിക്കപ്പെടുമെന്നും പ്രദേശവാസികള്‍ യു.ഡി.എഫ് സംഘത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."