കര്‍ണാടകയില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പണിമുടക്കി
മംഗളൂരു: ഐ.എം.എയുടെ നേതൃത്വത്തില്‍ കര്‍ണാടകയിലെ ഡോക്ടര്‍മാര്‍ ഇന്നലെ പണിമുടക്കി. ഇതേതുടര്‍ന്ന് സ്ഥിരമായി ചികിത്സ തേടുന്നവരുള്‍പ്പെടെയുള്ള രോഗികള്‍ വലഞ്ഞു. കര്‍ണാടക സ്വകാര്യ മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തില്‍ ഭേദഗതിവരുത്തി വിവിധ ചികിത്സകള്‍ക്ക് നിശ്ചിത തുക നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ പണിമുടക്കിയത്.
ഇതേ തുടര്‍ന്ന് കാസര്‍കോട്,ഉഡുപ്പി, കാര്‍വാര്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്ന് മംഗളൂരുവിലെ ആശുപത്രികളിലെത്തിയ രോഗികള്‍ക്ക് ചികിത്സ ലഭിക്കാതെ വന്നു. അത്യാസന്ന നിലയില്‍ എത്തുന്ന രോഗികള്‍ക്ക് മാത്രം ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി ചികിത്സ നല്‍കിയതൊഴിച്ചാല്‍ മറ്റു രോഗികള്‍ക്കൊന്നും ഇന്നലെ മംഗളൂരുവില്‍ ചികിത്സ ലഭിച്ചില്ല. കിടത്തി ചികിത്സ ആവശ്യമില്ലാത്ത രോഗികളെപോലും ഇന്നലെ പരിശോധിക്കാനോ ഇവര്‍ക്ക് മരുന്ന് നല്‍കാനോ ഡോക്ടര്‍മാര്‍ തയാറായില്ല. ഇതേ തുടര്‍ന്ന് മംഗളൂരുവിലെയും,പരിസര പ്രദേശങ്ങളിലെയും രോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിച്ചതോടെ ഇവിടങ്ങളില്‍ നിന്നുതിരിയാനിടമില്ലാത്ത അവസ്ഥയായിരുന്നു.
ദൂര സ്ഥലങ്ങളില്‍ നിന്ന് എത്തിയ രോഗികളെയാണ് ഡോക്ടര്‍മാരുടെ പണിമുടക്ക് സാരമായി ബാധിച്ചത്. ദീര്‍ഘ ദൂര യാത്ര നടത്തി മംഗളൂരുവിലെ ആശുപത്രികളിലെത്തിയ ഇവര്‍ ആശുപത്രി അധികൃതരുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.
കര്‍ണാടകയിലെ സ്വകാര്യ ആശുപത്രികളില്‍ എക്‌സ്‌റേ,സ്‌കാനിങ്, ലാബ് പരിശോധന തുടങ്ങിയവയ്ക്കും മറ്റ് ചികിത്സകള്‍ക്കും സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക മാത്രം വാങ്ങണമെന്നാണ് നിര്‍ദേശം. ഇത് ലംഘിക്കുന്നവര്‍ക്ക് പിഴയും മൂന്നു വര്‍ഷം തടവും ലഭിക്കുന്ന തരത്തിലാണ് കര്‍ണാടക സ്വകാര്യ മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്താന്‍ തീരുമാനിക്കുന്നത്.
ഇതിനു പുറമേ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ ആരെങ്കിലും ചികിത്സക്കിടെ മരിച്ചാല്‍ ഇവരുടെ ബന്ധുക്കള്‍ക്ക് ആശുപത്രി ബില്ലടയ്ക്കാന്‍ പ്രയാസം നേരിടുകയാണെങ്കില്‍ മൃതദേഹം പിടിച്ചു വയ്ക്കാന്‍ പാടില്ലെന്നും ഇത് ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കണമെന്നുമാണ് സര്‍ക്കാര്‍ പുതിയ നിയമ ഭേദഗതിയില്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."