ട്വിറ്റര്‍ ജീവനക്കാരന് പണികൊടുത്തു; ട്രംപിന്റെ അക്കൗണ്ട് അപ്രത്യക്ഷമായി
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഏറെനേരം അപ്രത്യക്ഷമായി. 41 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ട്രംപിന്റെ പേഴ്സനല്‍ അക്കൗണ്ടാണു കഴിഞ്ഞ ദിവസം 11 മിനിറ്റുനേരം പ്രവര്‍ത്തനരഹിതമായത്. ട്വിറ്ററിലെ ഒരു ജീവനക്കാരന് തന്നെ പണികൊടുത്തതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പ്രാദേശിക സമയം വ്യാഴാഴ്ച വൈകിട്ടു നാലിന് സന്ദര്‍ശകര്‍ ട്രംപിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ തിരഞ്ഞപ്പോള്‍ നിലവിലില്ലെന്ന അറിയിപ്പാണു ലഭിച്ചത്. നിമിഷങ്ങള്‍ക്കകം സംഭവം സമൂഹമാധ്യമങ്ങളിലടക്കം വൈറലായി.
തുടര്‍ന്നു വിശദീകരണവുമായി ട്വിറ്റര്‍ അധികൃതര്‍ തന്നെ രംഗത്തെത്തി. കമ്പനിയിലെ ജീവനക്കാരനു സംഭവിച്ച പിഴവാണെന്നും ഇത്തരം വീഴ്ചകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയെടുക്കുമെന്നും ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു. 11 മിനിറ്റിനു ശേഷം അക്കൗണ്ട് വീണ്ടും സജീവമായതോടെ സംഭവത്തില്‍ പ്രതികരണവും ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.
ഉ.കൊറിയന്‍ ഹാക്കര്‍മാര്‍ ഡീആക്ടിവേറ്റ് ചെയ്തതായിരിക്കാമെന്ന് ആദ്യം അഭ്യൂഹം ഉയര്‍ന്നിരുന്നു. എന്നാല്‍, കമ്പനിയിലെ ഒരു ജീവനക്കാരന് തന്നെയാണു സംഭവത്തിനു പിന്നിലെന്നു പിന്നീടു വ്യക്തമാകുകയായിരുന്നു.
ജീവനക്കാരന്റെ പേര് വെളിപ്പെടുത്താന്‍ ട്വിറ്റര്‍ അധികൃതര്‍ തയാറായിട്ടില്ല. നിലവില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ളവരുടെ പട്ടികയില്‍ 21-ാം സ്ഥാനത്താണ് ട്രംപിന്റെ ഹാന്ഡിലുള്ളത്. അതേസമയം, അമേരിക്കന്‍ പ്രസിഡന്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."