ട്രംപിന്റെ തെരഞ്ഞെടുപ്പ് കാംപയിന്‍ മുന്‍ മേധാവി വീട്ടുതടങ്കലില്‍
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് കാംപയിന്‍ മുന്‍ മേധാവി പോള്‍ മനാഫോര്‍ട്ട് വീട്ടുതടങ്കലില്‍. സാമ്പത്തിക തട്ടിപ്പ്, രാജ്യത്തിനെതിരേയുള്ള ഗൂഢാലോചന എന്നീ കേസുകളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. ഇതേ കേസില്‍ പോള്‍ മാനാഫോര്‍ട്ടിന്റെ സഹായി റിച്ചാര്‍ഡ് ഗേറ്റസിനെയും വീട്ടുതടങ്കലിലാക്കാന്‍ വാഷിങ്ടണ്‍ കോടതി ജഡ്ജി ജാക്‌സണ്‍ ഉത്തരവിട്ടിട്ടുണ്ട്.
നീരീക്ഷണത്തിനായി ഇലക്ട്രോണിക് മോണിറ്ററിങ് യന്ത്രം ഉപയോഗിക്കാനും ഇരുവരോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന ആരോപണം അന്വേഷിക്കുന്ന പ്രത്യേക കൗണ്‍സില്‍ റോബര്‍ട്ട് മുള്ളരുടെ ആവശ്യപ്രകാരമാണ് ഇവരെ വീട്ടുതടങ്കലിലാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2016 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ട്രംപിന്റെ തെരഞ്ഞെടുപ്പ് കാംപയിനില്‍ മേധാവിയായിട്ട് പോള്‍ മനാഫോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നു.
ഇക്കാലയളവില്‍ റഷ്യയെ പിന്തുണക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ഉക്രൈന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ വിക്തര്‍ യുങ്കാവിച്ചില്‍ നിന്നും പോള്‍ മനാഫോര്‍ട്ടിന്‍, റിച്ചാര്‍ഡ് ഗേറ്റസ് എന്നിവര്‍ ദശലക്ഷക്കണക്കിന് ഡോളറുകള്‍ അനധികൃതമായി സ്വീകരിച്ചുവെന്ന ആരോപണവും ഇവര്‍ക്കെതിരേയുണ്ട്. വീട്ടുതടങ്കലിലാക്കാനുള്ള കോടതി തീരുമാനത്തില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഇന്നലെ വാഷിങ്ടണ്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച വരെ തല്‍സ്ഥിതി തുടരാനാണ് കോടതി ആവശ്യപ്പെട്ടത്.
എന്നാല്‍ പോള്‍ മനാഫോര്‍ട്ടിനെ വീട്ടുതടങ്കലിലാക്കിയതും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായും യാതൊരു ബന്ധവുമില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. പോളിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിന് മുന്‍പുള്ള കേസുമായി ബന്ധപ്പെട്ടാണെന്നും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയുമായി ഗൂഢാലോചനകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."