കാറ്റലന്‍ നേതാക്കളുടെ അറസ്റ്റില്‍ വന്‍ പ്രതിഷേധം
ബാഴ്‌സലോണ: മുന്‍ കാറ്റലന്‍ നേതാക്കളെ അറസ്റ്റ് ചെയ്ത സ്പാനിഷ് സര്‍ക്കാരിന്റെ നടപടിക്കെതിരേ വന്‍ പ്രതിഷേധം. പുറത്താക്കപ്പെട്ട കാറ്റലന്‍ പ്രാദേശിക സര്‍ക്കാര്‍ വൈസ് പ്രസിഡന്റ് ഒറിയോള്‍ ജുങ്കറസ് അടക്കം ഒന്‍പതു പേരെയാണു വ്യാഴാഴ്ച സ്പാനിഷ് അധികൃതര്‍ ജാമ്യമില്ലാതെ തടവിലാക്കിയത്.
അറസ്റ്റിലായ മന്ത്രിമാരെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബാഴ്‌സലോണ സിറ്റി കൗണ്‍സില്‍ പ്രമേയം പാസാക്കി. കഴിഞ്ഞ മാസം അറസ്റ്റിലായ സ്വാതന്ത്ര്യ പ്രക്ഷോഭ നേതാക്കളായ ജോര്‍ദി സാഞ്ചസ്, ജോര്‍ദി ക്വിക്‌സാര്‍ട്ട് എന്നിവരെയും വിട്ടയക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. പ്രമേയത്തില്‍ മധ്യ-ഇടത് കക്ഷികളായ സ്പാനിഷ് സോഷ്യലിസ്റ്റ് പാര്‍ട്ടി, പീപ്പിള്‍സ് പാര്‍ട്ടി, വലതുപക്ഷ പാര്‍ട്ടിയായ സിറ്റിസണ്‍സ് പാര്‍ട്ടി ഒഴികെയുള്ള മേഖലയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളും ഒപ്പുവച്ചിട്ടുണ്ട്.
രാജ്യദ്രോഹം, കലാപം സൃഷ്ടിക്കല്‍, പൊതുസ്വത്ത് ദുര്‍വിനിയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഒന്‍പതു മന്ത്രിമാര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇതില്‍ വാണിജ്യ മന്ത്രി സാന്റി വിലയെ 50,000 യൂറോ ജാമ്യതുകയില്‍ വിട്ടയച്ചിട്ടുണ്ട്. പുറത്താക്കപ്പെട്ട പ്രസിഡന്റ് കാര്‍ലെസ് പുജിമോന്റിനു വേണ്ടിയും സ്പാനിഷ് അധികൃതര്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. പൂജിമോന്റ് നിലവില്‍ ബെല്‍ജിയത്തിലാണുള്ളത്.
കഴിഞ്ഞ 27നാണ് കാറ്റലന്‍ പാര്‍ലമെന്റ് രഹസ്യവോട്ടെടുപ്പിലൂടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. തൊട്ടുടനെ തന്നെ സ്പാനിഷ് അധികൃതര്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 155 അധികാരം ഉപയോഗിച്ച് പ്രദേശത്തിന്റെ അധികാരം പിടിച്ചെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."