കസ്റ്റഡി വാഹനങ്ങളോടു കനിവുകാട്ടണം: പൊതുതാല്‍പര്യ ഹരജിയുമായി വിദ്യാര്‍ഥികള്‍
കണ്ണൂര്‍: വിവിധ പൊലിസ് സ്റ്റേഷന്‍ കോമ്പൗണ്ടുകളില്‍'നടതള്ളി'യ ആയിരക്കണക്കിന് വാഹനങ്ങളുടെ കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍. ഓരോ വാഹനങ്ങളും നശിക്കുമ്പോള്‍ രാജ്യത്തിന് നഷ്ടമാകുന്ന ധാതു സമ്പത്തിന്റെ കണക്കു നിരത്തിയാണ് വിദ്യാര്‍ഥികള്‍ നിയമപോരാട്ടത്തിനൊരുങ്ങുന്നത്.
കണ്ണൂര്‍ പെരിങ്ങോം-വയക്കര പഞ്ചായത്തിലെ തവിടിശേരി ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് കസ്റ്റഡി വാഹനങ്ങളോടു കനിവു കാട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ഇ.വിസ്മയയുടെ നേതൃത്വത്തിലാണ് അഡ്വ. മഹേഷ് വി.രാമകൃഷ്ണന്‍ മുഖേന ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ഹരജി പരിഗണിക്കുന്നത് കോടതി അടുത്ത ദിവസത്തേക്ക് മാറ്റി.
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനാണ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍'വാഹനവ്യവഹാരങ്ങളില്‍ ഒടുങ്ങുന്ന ധാതു സമ്പത്ത്'എന്ന വിഷയത്തില്‍ പഠനം നടത്തിയത്. സംസ്ഥാനത്തൊട്ടാകെ നടത്തിയ സര്‍വേയില്‍ 2016 ഡിസംബര്‍ 31 വരെ വിട്ടുകൊടുക്കാത്ത 1050 വാഹനങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്.
അഞ്ചുവര്‍ഷം കഴിഞ്ഞവയാണിവ. 2011 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണിത്. ഇതില്‍ ഏറെയും ടാറ്റാ 407 മിനി ലോറിയും മഹീന്ദ്രാ മിനിലോറിയുമാണ്. കേരളത്തിലെ ഓരോ പൊലിസ് സ്റ്റേഷനുകളിലും ശരാശരി രണ്ടുവീതം വാഹനങ്ങളാണ് കസ്റ്റഡിയിലുള്ളത്.
ഈ വാഹനങ്ങളിലെ 1808.ഒരുടണ്‍ ഇരുമ്പാണ് പുനരുപയോഗമില്ലാതെ നശിച്ചുപോകുന്നതെന്നും പഠനത്തില്‍ പറയുന്നു. ഇത്രയും ഇരുമ്പ് ഉണ്ടാക്കണമെങ്കില്‍ ഏകദേശം 2892 ടണ്‍ ഇരുമ്പയിര് വേണ്ടി വരും. പൊളിച്ചുവില്‍ക്കുന്ന വാഹനങ്ങളുടെ ഇരുമ്പ് വില്‍ക്കുമ്പോള്‍ കിലോക്ക് കിട്ടുന്ന 19 രൂപ പ്രകാരം കണക്കാക്കിയാല്‍ 3,43,53,900 രൂപയാണ് സ്റ്റേഷന്‍ പരിസരത്ത് നശിക്കുന്നത്.
ഇന്ത്യയ്ക്ക് ആവശ്യമുള്ള ഇരുമ്പയിരിന്റെ70 ശതമാനം ബ്രസീല്‍, ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുമ്പോഴാണ് പ്രതിവര്‍ഷം കേരളത്തിലെ പൊലിസ് സ്റ്റേഷനുകളില്‍ 1808 ടണ്‍ ഇരുമ്പ് തുരുമ്പെടുക്കുന്നത്.
നിയമലംഘനങ്ങളുടെ പേരില്‍ പിടിച്ചെടുത്ത തൊണ്ടി മുതലായ വാഹനങ്ങള്‍ നശിക്കുമ്പോള്‍ നഷ്ടമാകുന്നത് ഇത്രയും ഭീമമായ ധാതു സമ്പത്താണെന്ന് വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തില്‍ സമര്‍ഥിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാര്‍ഥികള്‍ നിവേദനം നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ഥികളായ ഇ.വിസ്മയയുടെ നേതൃത്വത്തില്‍ കെ.ജിനനാഥ്, കെ.വി അനുപ്രിയ, സി.അനുശ്രീ, എം. അഞ്ജലി എന്നിവരാണ് പ്രൊജക്ട് തയാറാക്കിയത്. അധ്യാപകനും സയന്‍സ് പ്രൊജക്ട് ഗൈഡുമായ കെ.സി സതീശനും വിദ്യാര്‍ഥികളെ സഹായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."