അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: പിതാവിനും മക്കള്‍ക്കും തടവ്
തൊടുപുഴ: അയല്‍വാസിയായ യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിനും രണ്ടു പുത്രന്മാര്ക്കും മൂന്നു വര്‍ഷം വീതം തടവുശിക്ഷയും 5000 രൂപ വീതം പിഴയും ശിക്ഷിച്ച് തൊടുപുഴ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി സുനില്‍ കെ.പി വിധി പ്രസ്താവിച്ചു. കോലാനി സ്വദേശികളായ കോതായികുന്നേല്‍ മാമ്മു എന്നു വിളിക്കുന്ന മുഹമ്മദ്(58), മക്കളായ മുജീബ്(28), മജീദ്(31) എന്നിവരേയാണ് ശിക്ഷിച്ചത്.
2010 ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് 6.30 നാണ് കേസിനാസ്പദ സംഭവം. മുന്‍വിരോധം മൂലം പ്രതികള്‍ കോലാനി പാറയ്ക്കല്‍ നിതിന്‍ മണിക്കുട്ടനെ(24) വീടിന് സമീപം വച്ച് പ്രതികള്‍ വാക്കത്തിക്ക് വെട്ടിയും കൊന്നപ്പത്തല് കൊണ്ട് ശരീരമാസകലം അടിച്ചും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പിഴസംഖ്യയില്‍ 10000 രൂപ വാദിക്ക് നഷ്ടപരിഹാരമായി കൊടുക്കുന്നതിനും കോടതി ഉത്തരവായി.
പൊലിസ് ആദ്യം കുറ്റപത്രം തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നതാണ്. വിചാരണ വേളയില്‍ പരിക്ക് പറ്റിയ നിതിന്റെ മൊഴിയില്‍ നിന്ന് വധശ്രമം നടന്നിട്ടുള്ളതായി വെളിവായതിനെ തുടര്‍ന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് രമ്യ മേനോന് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."