കരാര്‍ ലംഘിച്ച് തമിഴ്‌നാട് നാല് ചെക്ക് ഡാം നിര്‍മിച്ചു
പാലക്കാട്: പശ്ചിമഘട്ടത്തില്‍ നിന്ന് ഉത്ഭവിക്കുന്ന ഭാരതപ്പുഴയുടെ കൈവഴികളായ പാലാറിലും നല്ലാറിലുമായി പറമ്പിക്കുളം-ആളിയാര്‍ കരാറിന് വിരുദ്ധമായി കേരള സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ തമിഴ്‌നാട് നാല് തടയണകള്‍ നിര്‍മിച്ചു. പത്തു കോടിയോളം ചെലവിട്ടാണ് തിരുമൂര്‍ത്തി ഡാമിന് താഴെ നല്ലാര്‍പുഴയില്‍ അര്‍ധനാരിപാളയത്തും ഉദുമല്‍പേട്ട വളയപാളയത്തും തടയണകള്‍ പണിതത്.
വളയപാളയത്തു ഒരു വലിയ കുളം വിപുലീകരിച്ച് പാലാറിലെ വെള്ളം തിരിച്ചുവിട്ടിട്ടുണ്ട്. പാലാറില്‍ രണ്ടു ചെക്ക് ഡാമുകള്‍ കൂടി നിര്‍മിക്കാന്‍ തമിഴ്‌നാട് നബാര്‍ഡ് മുഖേന പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. നബാര്‍ഡിന്റെ 2016- 17 ലെ പെര്‍ഫോമന്‍സ് ബജറ്റിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. ഇപ്പോള്‍ നിര്‍മിച്ചിട്ടുള്ള ചെക്ക് ഡാമുകള്‍ക്കും കുളം നവീകരണത്തിനും നബാര്‍ഡില്‍ നിന്ന് പത്തര കോടി രൂപ ലഭിച്ചിട്ടുണ്ട്.
നാല് ചെക്ക് ഡാമുകള്‍ നിര്‍മിച്ചതോടെ പാലാര്‍, നല്ലാര്‍ വഴി കേരളത്തിലേക്ക് എത്തേണ്ട അധികജലം ഇല്ലാതാവും. നാല് ചെക്ക് ഡാമുകളില്‍ കിട്ടുന്ന മഴവെള്ളം ഉപയോഗിച്ച് തമിഴ്‌നാട്ടിലെ ആയിരം ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാനാവുമെന്നും നബാര്‍ഡിന്റെ റിപ്പോര്‍ട്ടിലുണ്ട്. കരാറിന് വിരുദ്ധമായി ചെക്ക് ഡാമുകള്‍ നിര്‍മിച്ചിട്ടും കേരളത്തിലെ അന്തര്‍ സംസ്ഥാന നദീജല കരാറുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. പാലാറും നല്ലാറും കെട്ടിയടച്ചതോടെ തമിഴ്‌നാട്ടിലെ തിരുമൂര്‍ത്തി മലയില്‍ നിന്നും ഉത്ഭവിച്ചു പൊന്നാനിയിലെ അറബിക്കടലിലെത്തുന്ന ഭാരതപ്പുഴ നശിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.
മൂന്നു ജില്ലകളിലെ ചെറുതും വലുതുമായ നൂറ്റി നാല്‍പ്പതിലധികം കുടിവെള്ള പദ്ധതികള്‍ ഭാരതപ്പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണുള്ളത്. പുഴയില്‍ വെള്ളമില്ലാതായാല്‍ ഇവയുടെ പ്രവര്‍ത്തനം നിലയ്ക്കും.
ചെക്ക് ഡാം നിര്‍മാണം കേരളത്തെ അറിയിക്കാതിരിക്കാന്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ ആറ് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് പാലക്കാട് ജില്ലാ വികസന സമിതിയുടെ യോഗത്തില്‍ കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ ആരോപിച്ചിരുന്നു. തമിഴ്‌നാട്ടിലെ ചെക്ക്ഡാമുകളുടെ കരാറുകാരനാണ് കൈക്കൂലി നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, തമിഴ്‌നാട് പദ്ധതി തയാറാക്കിയിരുന്നപ്പോള്‍ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നാണ് ഇതിന്റെ ചുമതലയുള്ള അസി .ഡയറക്ടര്‍ പി.സുധീറിന്റെ വിശദീകരണം.
പറമ്പിക്കുളം- ആളിയാര്‍ കരാര്‍ നിലവില്‍ വന്ന കാലം മുതല്‍ തമിഴ്‌നാട് കേരളത്തോട് ആലോചിക്കാതെ ഒരുപാട് ചെക്ക് ഡാമുകളും അക്വഡക്റ്റുകളും കനാല്‍ ആഴംകൂട്ടലും,പുഴകള്‍ കെട്ടി തിരിച്ചു വിടുന്ന പണികളും നടത്തി വരുന്നുണ്ടെന്ന് നിയമസഭാ കമ്മിറ്റികള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട് . അതിന്മേല്‍ യാതൊരു നടപടികളും കേരളത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാറില്ല. ഇത് തമിഴ്‌നാടിന് സൗകര്യമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."