രഞ്ജി: ജമ്മുവിനെതിരേ കേരളം ജയത്തിലേക്ക്
തിരുവനന്തപുരം: ജമ്മു കശ്മിരിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ആതിഥേയരായ കേരളം വിജയത്തിലേക്ക്. രണ്ടാം ഇന്നിങ്‌സില്‍ നേടിയ 191 റണ്‍സുള്‍പ്പെടെ കേരളം ഉയര്‍ത്തിയ 238 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരുന്ന ജമ്മു കശ്മിര്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് എന്ന നിലയിലാണ്.
ഒരു ദിവസത്തെ കളി ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റു മാത്രമുള്ള ജമ്മുവിന് തോല്‍വി ഒഴിവാക്കാന്‍ അത്ഭുതങ്ങള്‍ കാഴ്ചവയ്‌ക്കേണ്ടി വരും. ആസിഫ് ഖാന്‍ (അഞ്ച്), ആമിര്‍ അസീസ് (പൂജ്യം) എന്നിവരാണ് കളി നിര്‍ത്തുമ്പോള്‍ ക്രീസിലുള്ളത്. കേരളത്തിന് വേണ്ടി എം.ഡി നിധീഷ്, സിജോമോന്‍ ജോസഫ്, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മൂന്നാം ദിനത്തിന്റെ അവസാന സെഷനില്‍ മഴയും വെളിച്ചക്കുറവും മൂലം ഏതാനും ഓവറുകള്‍ നഷ്ടപ്പെട്ടതാണ് മത്സരം നാലാം ദിനത്തിലേക്ക് നീളുന്നതിലേക്ക് എത്തിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ സമ്പൂര്‍ണമായി തകര്‍ന്ന ജമ്മു കശ്മിരിന് വേണ്ടി ക്യാപ്റ്റന്‍ പര്‍വേസ് റസൂല്‍ (17), പ്രണവ് ഗുപ്ത (11) എന്നിവര്‍ക്കു മാത്രമേ ഇരട്ടയക്കം കാണാനായുള്ളു.
നേരത്തെ രണ്ടാം ഇന്നിങ്‌സിലും ക്യാപ്റ്റന്‍ പര്‍വേസ് റസൂലിന് മുന്നില്‍ തകര്‍ന്ന കേരളം 191 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.
അര്‍ധ സെഞ്ച്വറി നേടിയ രോഹന്‍ പ്രേമാണ് കേരളത്തിന്റെ ഉയര്‍ന്ന സ്‌കോറര്‍. 149 പന്തില്‍ ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടെ രോഹന്‍ 58 റണ്‍സെടുത്തു. 78 പന്തില്‍ മൂന്ന് ബൗണ്ടറികള്‍ ഉള്‍പ്പെടെ 36 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക്, 51 പന്തില്‍ മൂന്ന് ബൗണ്ടറികളോടെ 32 റണ്‍സെടുത്ത സല്‍മന്‍ നിസാര്‍ എന്നിവരും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു.
വിഷ്ണു വിനോദ് (20), ജലജ് സക്‌സേന (ഒന്‍പത്), സഞ്ജു സാംസണ്‍ (രണ്ട്), സച്ചിന്‍ ബേബി (പൂജ്യം), ബേസില്‍ തമ്പി (ഏഴ്), അക്ഷയ് ചന്ദ്രന്‍ (ഒന്ന്), എം.ഡി. നിധീഷ് (പൂജ്യം) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം. സിജോമോന്‍ ജോസഫ് രണ്ടു റണ്‍സോടെ പുറത്താകാതെ നിന്നു. ജമ്മു കശ്മിരിനായി പര്‍വേസ് റസൂല്‍ 28 ഓവറില്‍ 70 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. മത്സരത്തില്‍ റസൂല്‍ ആകെ 11 വിക്കറ്റുകള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."