വിദൂര വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് വേര്‍തിരിവ്; വിദ്യാര്‍ഥികള്‍ ആശങ്കയില്‍
തേഞ്ഞിപ്പലം: വിദൂര വിദ്യാഭ്യാസ വിഭാഗം വഴി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളെ വേര്‍തിരിക്കണമെന്ന യു.ജി.സി സര്‍ക്കുലര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാകും. കഴിഞ്ഞ വര്‍ഷമാണ് യു.ജി.സി ഇന്ത്യയിലെ മുഴുവന്‍ സര്‍വകലാശാലകളിലെയും മേധാവികള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്.
ലഭിച്ച അറിവനുസരിച്ച് ഈ വര്‍ഷം ഒന്നാം വര്‍ഷമായി പഠിക്കുന്ന മുഴുവന്‍ വിദൂരവിദ്യാഭ്യാസ വിദ്യാര്‍ഥികളുടെയും സര്‍ട്ടിഫിക്കറ്റില്‍ 'വിദൂര വിദ്യാഭ്യാസം' എന്ന് സൂചിപ്പിക്കും. കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് വിവിധ സര്‍വകലാശാലകളിലായി വിദൂര വിദ്യാഭ്യാസം വഴി ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കുന്നത്.
റെഗുലര്‍ പഠനം നടക്കുന്നില്ല എന്നതാണ് പ്രധാന കാരണമായി യു.ജി.സി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കേരളത്തിലെ ഏറ്റവും വലിയ സര്‍വകലാശാലയായ കാലിക്കറ്റില്‍ പോലും മെറിറ്റില്‍ നാല്‍പതിനായിരം സീറ്റുകളും മാനേജ്‌മെന്റ് ക്വാട്ട പ്രകാരം പതിനയ്യായിരവും സംവരണ വിഭാഗത്തിനുമായി ആകെ അരുപതിനായിരം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് റെഗുലര്‍ സംവിധാനത്തില്‍ സീറ്റ് നല്‍കാനാകുന്നത്. അവസാന അലോട്ട്‌മെന്റ് പ്രക്രിയ പ്രകാരം റെഗുലര്‍ പഠനത്തിന് അപേക്ഷിച്ചവരില്‍ പകുതിക്കും സീറ്റ് കിട്ടാതെ പുറത്തിരിക്കേണ്ട അവസ്ഥയാണ്.
ഇവര്‍ ഏറെയും ആശ്രയിക്കുന്നത് പ്രൈവറ്റ് കോളജ് വഴി വിദൂര വിദ്യാഭ്യാസ രജിസ്‌ട്രേഷനില്‍ റെഗുലര്‍ പഠനം നടത്തി ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്ന രീതിയാണ് നിലവിലുളളത്. കേരളത്തിലെ തന്നെ മറ്റ് സര്‍വകലാശാലകളിലെ അവസ്ഥയും ഇത് തന്നെയാണ്.
പ്ലസ്ടു പാസായിട്ട് ഉപരി പഠനത്തിന് സീറ്റ് നല്‍കാനാവാത്ത അവസ്ഥ നേരിടുന്ന സര്‍ക്കാരിന് സര്‍വകലാശാലകളുടെ വിദൂര വിദ്യഭ്യാസ പഠനം ഏറെ ആശ്വാസമാണ്. മാത്രമല്ല റെഗുലര്‍ സ്‌കീമില്‍ പഠിക്കുന്നവര്‍ക്കൊപ്പം പരീക്ഷയും അതെ സിലബസും വേര്‍തിരിവില്ലാത്ത സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനാല്‍ ഉപരി പഠനത്തിനും ജോലിയാവശ്യത്തിനും വിദ്യാര്‍ഥികള്‍ പ്രശ്‌നം നേരിട്ടിരുന്നുമില്ല.
എന്നാല്‍ യു.ജി.സിയുടെ സര്‍ക്കുലര്‍ പ്രാബല്യത്തില്‍ വരുന്നതോടെ കുറഞ്ഞ മാര്‍ക്കിന് സീറ്റ് നഷ്ടപ്പെട്ടവരും 'രണ്ടാംകിട' ബിരുദധാരികളായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."