ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍
തൊടുപുഴ: തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവാണ് പ്രതിസന്ധിക്ക് കാരണം. സ്ഥലം മാറിയ ഡോക്ടര്‍മാര്‍ക്ക് പകരക്കാരെ നിയമിക്കാത്തതും നഴ്‌സുമാരുടെ ഒഴിവുകള്‍ നികത്താത്തതുമാണ് ആശുപത്രിയുടെ ദൈനംദിനപ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കിയത്.
100 കിടപ്പുരോഗികള്‍ക്ക് ചികിത്സാ സൗകര്യമുള്ള ആശുപത്രിയില്‍ 50 ബെഡിനുള്ള നഴ്‌സ്മാരാണുള്ളത്. താല്‍ക്കാലിക ജീവനക്കാരുടെ സഹായത്തിലാണ് പ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്. ജില്ലാ ആയുര്‍വേദ ആശുപത്രിയോട് ചേര്‍ന്ന് പേവാര്‍ഡുകളും ആധുനിക സൗകര്യങ്ങളുള്ള കെട്ടിടവും പണിയാന്‍ ഒന്നരക്കോടിയുടെ പദ്ധതി സമര്‍പ്പിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എങ്ങുമത്തെിയില്ല.
പഞ്ചകര്‍മ, മര്‍മ ചികിത്സക്കായി എത്തുന്ന പലര്‍ക്കും ഇപ്പോള്‍ മതിയായ സേവനം ലഭിക്കുന്നില്ല. അടുത്തിടെ രണ്ടു മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആശുപത്രിയില്‍നിന്ന് പോയിട്ടും പകരം ആളെ നിയമിച്ചിട്ടില്ല. ഇവര്‍ക്കായിരുന്നു സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച് സെല്ലിന്റെ ചുമതല. ഇതോടെ സംസ്ഥാനത്ത് തന്നെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച് സെല്ലിന്റെ പ്രവര്‍ത്തനവും നിലച്ചമട്ടാണ്.
രാജ്യാന്തര താരങ്ങള്‍വരെ ചികിത്സ തേടി സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച് സെല്ലില്‍ എത്തിയതോടെ ആശുപത്രിയുടെ ഖ്യാതിയും ഉയര്‍ന്നിരുന്നു.തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലും സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച് സെല്‍ ഉണ്ടെങ്കിലും ഏറെ പ്രശസ്തമായത് തൊടുപുഴയിലേതാണ്.
കഴിഞ്ഞ ദേശീയ ഗെയിംസില്‍ പങ്കെടുത്ത പതിനഞ്ചോളം താരങ്ങള്‍ ഇവിടുത്തെ ചികിത്സക്കു ശേഷമാണ് കളിക്കളത്തിലിറങ്ങിയത്.
സ്യൂട്ട് നിലവാരമുള്ള അഞ്ചു മുറികള്‍, പഞ്ചകര്‍മ ചികിത്സാ മുറികള്‍, ജിംനേഷ്യം എന്നിങ്ങനെ ആധുനിക സജ്ജീകരണങ്ങളോടെയാണ് സെല്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇതില്‍ ചിലത് പിന്നീട് ജീവനക്കാര്‍ക്ക് വിശ്രമിക്കാനും മറ്റുമായി നീക്കിവെച്ചതായും വിമര്‍ശമുണ്ട്. റിയോ ഒളിമ്പിക്‌സിന് തെരഞ്ഞെടുക്കപ്പെട്ട അഞ്ചു താരങ്ങളും ഇവിടെ ചികിത്സ കഴിഞ്ഞവരാണ്. എന്നാല്‍, അടുത്തിടെ കായിക താരങ്ങള്‍ മതിയായ ചികിത്സ ലഭ്യമാകാത്തതിനെ തുടര്‍ന്ന് മടങ്ങിപ്പോകുന്ന സ്ഥിതിയുണ്ടായി.
അധികൃതരുടെ അനാസ്ഥയും അവഗണനയും മൂലമാണ് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റിയതെന്ന് കായിക പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നു.
എല്ലുകളുടെ ഒടിവും പൊട്ടലുമായി ആശുപത്രിയില്‍ എത്തുന്നവര്‍ പുറത്ത് സ്വകാര്യ ലാബുകളില്‍ എക്‌സ്‌റേ എടുക്കേണ്ട സ്ഥിതിയാണ്. ഇത് രോഗികള്‍ക്ക് ദുരിതവും സാമ്പത്തിക ബുദ്ധിമുട്ടും സൃഷ്ടിക്കുന്നു.
എക്‌സ്‌റേ സംവിധാനം ആശുപത്രിയില്‍ ഇല്ലാതായി. എക്‌സ്‌റേ യന്ത്രത്തിനായി 15 ലക്ഷം അനുവദിച്ചെങ്കിലും തുക വിനിയോഗിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."