കണ്ണൂരില്‍ ബസ്സില്‍ നിന്നിറങ്ങിയവര്‍ക്കു മേല്‍ മറ്റൊരു ബസ് പാഞ്ഞു കയറി അഞ്ചു മരണം
കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ ബസ് അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ഒരു സ്ത്രീയും നാലു പുരുഷന്മാരുമാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പഴയങ്ങാടി മണ്ടൂരിലാണ് ബസ്സപകടമുണ്ടായത്. ഒരു ബസ്സില്‍ നിന്നും പുറത്തിറങ്ങിയ യാത്രക്കാരെ മറ്റൊരു ബസ് വന്നിടിക്കുകയായിരുന്നു.
ടയര്‍ പഞ്ചറായ ബസില്‍ നിന്ന് ഇറങ്ങി ടയര്‍ മാറ്റുന്നതു നോക്കിനില്‍ക്കുകയായിരുന്ന അഞ്ചു പേരാണു മരിച്ചത്. രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റവര്‍ പരിയാരം മെഡിക്കല്‍ കോളജിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്.
പാപ്പിനിശ്ശേരി സ്വദേശി മുസ്തഫ, ഏഴോം സ്വദേശിയായ സുബൈദ ടീച്ചര്‍, മകന്‍ മുഫീദ്, ചെറുകുന്ന അമ്പലപ്പുറം സ്വദേശി സുജിത് പട്ടേരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
പയ്യന്നൂരില്‍ നിന്നും പഴയങ്ങാടിയിലേക്കുള്ള അന്‍വിദ എന്ന ബസ്സില്‍ കയറിയവര്‍ക്കാണ് ദാരുണാന്ത്യം. ബസ് മണ്ടൂര്‍ ടൗണിനടുത്ത് ഇറക്കവും വളവുമുള്ള ഭാഗത്ത് വച്ച് ടയര്‍ കേടായതിനെ തുടര്‍ന്ന് ഇറങ്ങിയ യാത്രക്കാര്‍ക്ക് നേരെ അതുവഴി വന്ന മറ്റൊരു സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അമിതവേഗതയില്‍ വന്ന ബസ്സിനു നേരെ കൈ കാണിച്ചെങ്കിലും ബസ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."