വാഗ്ദാനം എന്‍ജിനീയര്‍, കിട്ടിയ ജോലി മണല്‍ ക്വാറിയിലെ ഡ്രൈവര്‍: ദുരിതത്തിനൊടുവില്‍ മലയാളിക്ക് മോചനം
ദമാം: മെക്കാനിക്കല്‍ എന്‍ജിനീയര്‍ ജോലിക്കായി കൊണ്ടുവന്ന് മരുഭൂമിയിലെ ഡ്രൈവറാക്കി മാറ്റിയ മലയാളി യുവാവ് ഒടുവില്‍ ദുരിതജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരം സ്വദേശിയായ സന്തോഷാണ് പ്രവാസത്തിന്റെ ദുരിതങ്ങള്‍ താണ്ടി സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടു വര്‍ഷം മുന്‍പാണ് സന്തോഷ് മെക്കാനിക്കല്‍ എഞ്ചിനീയര്‍ വിസയില്‍ ജോലിക്കായി ഇവിടെ എത്തിയത്.
കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ 3500 റിയാല്‍ ശമ്പളവും ആനുകൂല്യങ്ങളും ആയിരുന്നു വാഗ്ദാനം. സര്‍വ്വീസ് ചാര്‍ജായി നല്ലൊരു തുകയും ഏജന്റ് കൈക്കലാക്കി. എന്നാല്‍, ഇവിടെ എത്തിയപ്പോള്‍ സ്‌പോണ്‍സര്‍ എയര്‍പോര്‍ട്ടില്‍ നിന്നും നേരെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ്സയില്‍ നിന്നും ഏറെ അകലെയുള്ള ഒരു മരുഭൂമിയിലെ മണല്‍ക്വാറിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. മണല്‍ കയറ്റിക്കൊണ്ടു പോകുന്ന ലോറി ഡ്രൈവറായാണ് ജോലി നല്‍കിയത്. ആദ്യം പ്രതിഷേധിച്ചെങ്കിലും നാട്ടിലെ സാമ്പത്തികപരാധീനതകള്‍ കാരണം സന്തോഷിന് ആ ജോലിയില്‍ തുടരേണ്ടി വരികയായിരുന്നു . ഇഖാമയോ ലൈസന്‍സോ എടുത്തു നല്‍കിയില്ലെന്നു മാത്രമല്ല. പുറംലോകവുമായി ബന്ധപ്പെടാനുള്ള സാഹചര്യവും കുറവായിരുന്നു.
രണ്ടു വര്‍ഷത്തോളം അവിടെ ജോലി ചെയ്തപ്പോഴെയേക്കും ഒന്‍പതു മാസത്തെ ശമ്പളം കുടിശ്ശികയായി. ലീവിന് വിടാനും സ്‌പോണ്‍സര്‍ തയ്യാറാവാതെ വന്നപ്പോള്‍ നാട്ടിലെ ബന്ധുക്കള്‍ വഴി പല പ്രവാസിസംഘടനക്കാരെയും സഹായത്തിനായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഒരു മണല്‍ വണ്ടിയില്‍ ഹൈവേയില്‍ എത്തുകയും കൈകാണിച്ചു നിര്‍ത്തിയ വാഹനത്തില്‍ രക്ഷപ്പെട്ടു അല്‍ഹസ്സയിലെ ലേബര്‍ കോര്‍ട്ടില്‍ എത്തുകയും ചെയ്തു. പിറ്റേന്ന് രാവിലെ കണ്ട ഉദ്യോഗസ്ഥന്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് കോടതിയില്‍ പരാതി നല്‍കിയത്. രണ്ടു തവണ കേസ് വിളിച്ചപ്പോഴും ഹാജരാകാത്തതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ക്ക് കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് മൂന്നാം തവണ ഹാജരായത്. വാദങ്ങള്‍ക്ക് ഒടുവില്‍ സന്തോഷിന് ഫൈനല്‍ എക്സ്റ്റിറ്റും, വിമാനടിക്കറ്റും, ആറുമാസത്തെ കുടിശ്ശികശമ്പളവും നല്‍കാന്‍ കോടതി വിധിക്കുകായായിരുന്നു. സഹായത്തിനായി നവയുഗം അല്‍ ഹസ മേഖല പ്രവര്‍ത്തകര്‍ സജീവമായി ഇടപെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."