ഹിമാചല്‍ പ്രദേശ് -ഗുജറാത്ത് തെരഞ്ഞെടുപ്പ്: അവസാനത്തെ മത്സരമാണ് ജയിപ്പിക്കണമെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി
ജോഗീന്ദര്‍ നഗര്‍: ഹിമാചലിലെ ജോഗീന്ദര്‍ നഗര്‍ നിയമസഭാ മണ്ഡലത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെ മത്സരിക്കുന്നത് പല രാഷ്ട്രീയപാര്‍ട്ടികളിലൂടെ കടന്ന് ഇപ്പോള്‍ ബി.ജെ.പിയിലെത്തിയ ഗുലാബ് സിങ് മത്സരിക്കുന്നുവെന്നതുകൊണ്ടുതന്നെയാണ്.
ഓരോ കാലത്തും ഓരോ പാര്‍ട്ടികളിലും ചേര്‍ന്ന് ഏഴു തവണയാണ് ഗുലാബ് മത്സരിച്ചത്. ഇതില്‍ രണ്ടുതവണ പരാജയപ്പെട്ടു. എങ്കിലും 70 കാരനായ ഇദ്ദേഹത്തിന് ഇപ്പോഴും മത്സരത്തിന്റെ കമ്പം വിട്ടുമാറിയിട്ടില്ല. 89,600 വോട്ടര്‍മാരാണ് ഈ മണ്ഡലത്തിലുള്ളത്.
നിയമസഭാ സ്പീക്കറും, മന്ത്രിയുമൊക്കെയായിരുന്ന ഗുലാം സിങ്, പക്ഷെ ഇപ്പോള്‍ ബി.ജെ.പിക്ക് സംസ്ഥാനത്ത് ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്ന ഏതാനും പരിമിതമായ മുഖങ്ങളിലൊരാളാണ്.
തന്റെ രാഷ്ട്രീയ ജീവിതം അവസരത്തിനൊത്തുള്ളതാണെന്ന് ഗുലാബ് സിങ് തുറന്ന് പറയുന്നു. തന്റെ മകളെ ധുമല്‍ കുടുംബത്തിലേക്ക് വിവാഹം കഴിച്ചതോടെയാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറയുന്നു. ബി.ജെ.പി എം.പി അനുരാഗ് താക്കൂറിന്റെ ഭാര്യാപിതാവുകൂടിയാണ് ഗുലാബ് സിങ്.
സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടാണ് അദ്ദേഹം ആദ്യം മത്സരിച്ചിരുന്നത്. പിന്നീട് സ്വതന്ത്രനായും വിവിധ പാര്‍ട്ടികളില്‍ ചേര്‍ന്നും മത്സരിച്ച അദ്ദേഹം ഇപ്പോള്‍ പ്രചാരണത്തില്‍ എടുത്തുപറയുന്നത് ഇത് തന്റെ അവസാനത്തെ മത്സരമെന്നാണ്. അതുകൊണ്ട് എല്ലാവരും തനിക്ക് വോട്ടുചെയ്യണമെന്നും പറയുന്നു. രാഷ്ട്രീയത്തില്‍ ശക്തമായി നിലനില്‍ക്കുമെങ്കിലും മത്സരരംഗത്ത് ഇത് അവസാനത്തേതാണെന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്‍പിലും വെളിപ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹത്തിനെതിരേ മത്സരിക്കുന്നത് സഊദിയില്‍ ബിസിനസുകാരനായ പ്രകാശ് റാണയാണ്. കോണ്‍ഗ്രസ് ടിക്കറ്റിലാണ് ഇയാള്‍ മത്സരിക്കുന്നത്. വിദേശത്ത് ഓഫിസ് ഉള്ള ഇദ്ദേഹത്തിന് സംസ്ഥാനത്തെ യുവാക്കള്‍ക്ക് എങ്ങനെ തൊഴില്‍ നല്‍കാനാകുമെന്ന വിമര്‍ശനവും ഗുലാബ് സിങ് ഉന്നയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."