കെന്നഡി വധം 680 രഹസ്യരേഖകള്‍ കൂടി സി.ഐ.എ പുറത്തുവിട്ടു
വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട് 680 രഹസ്യരേഖകള്‍ കൂടി സി.ഐ.എ പുറത്തുവിട്ടു. ഇതില്‍ 553 എണ്ണം ഏറ്റവും പുതിയ രേഖകളാണ്. ഇതില്‍ കെന്നഡിയുടെ ഘാതകരായ ലീ ഹാര്‍വി ഓസ്‌വാല്‍ഡ്, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വാട്ടര്‍ഗേറ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ മോഷണത്തില്‍ അറസ്റ്റിലായ സി.ഐ.എ ഉദ്യോഗസ്ഥരായ ജെയിംസ് മക്‌കോര്‍ഡ്, ഇ ഹൊവാര്‍ഡ് ഹണ്ട് എന്നിവരെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
കെന്നഡിയുടെ വധത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഓസ്‌വാല്‍ഡ് മെക്‌സിക്കോ സിറ്റിയിലെ ക്യൂബന്‍ കോണ്‍സുലേറ്റും സോവിയറ്റ് എംബസിയും സന്ദര്‍ശിച്ചതായി രേഖകളിലുണ്ട്. പിന്നീട് നിശാക്ലബ് ഉടമ ജാക്ക് റൂബിയെ കൊലപ്പെടുത്തിയതും കെന്നഡിയുടെ വധത്തില്‍ അവ്യക്തത വരുത്താന്‍ ഇടയാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. 1992 വരെയുള്ള കെന്നഡി വധത്തിന്റെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവിട്ടത്.
അതേസമയം, 1970ലെ നിര്‍ബന്ധിത വിരമിക്കലിന് മക്‌കോര്‍ഡും ഹണ്ടും തയാറായത് കാസ്‌ട്രോയ്‌ക്കെതിരായുള്ള നീക്കം പരാജയപ്പെട്ടതിനുപിന്നാലെ ഇവരെ ഫീല്‍ഡിലെ ജോലിയില്‍നിന്ന് മാറ്റിയതുകൊണ്ടാണെന്ന് സി.ഐ.എയുടെ റിപ്പോര്‍ട്ടിലുണ്ട്. നേരത്തേ കെന്നഡി വധവുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള എല്ലാ രേഖകളും പുറത്തുവിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, സി.ഐ.എയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് രഹസ്യസ്വഭാവമുള്ള 30,000 രേഖകള്‍ അദ്ദേഹം പുറത്തുവിട്ടിരുന്നില്ല. എന്നാല്‍, പുതിയ റിപ്പോര്‍ട്ടില്‍ കോളിളക്കമുണ്ടാക്കുന്ന റിപ്പോര്‍ട്ടുകളൊന്നുമില്ലെന്ന് രാഷ്ട്രീയ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."