HOME
DETAILS

വിലാപങ്ങളുടെ പുസ്തകം; പ്രതീക്ഷകളുടെയും

  
backup
November 04 2017 | 20:11 PM

review-the-blue-between-sky-and-water

 

1967ലെ 'ആറുദിന യുദ്ധ'ത്തെ തുടര്‍ന്ന് തോക്കിന്‍മുനയില്‍ ജന്മദേശത്തുനിന്നു ബഹിഷ്‌കൃതരായ ഫലസ്ഥീനിയന്‍ മാതാപിതാക്കളുടെ മകളായി പ്രവാസത്തിന്റെ സന്തതിയായി പിറന്ന എഴുത്തുകാരിയും ഫലസ്ഥീന്‍ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുമാണ് സൂസന്‍ അബുല്‍ഹവാ. ഇസ്‌റയേല്‍ ദേശപ്പിറവിയെ തുടര്‍ന്ന് ഫലസ്ഥീന്‍ ഒടുക്കേണ്ടി വന്ന വിലയെ സാന്ദ്രവും കാവ്യാത്മകവുമായ ഭാഷയില്‍ അവതരിപ്പിക്കുന്ന നോവലിസ്റ്റാണ് അവര്‍. പ്രഥമ നോവല്‍ 'ജനിനിലെ പ്രഭാതങ്ങള്‍' 1948ലെ 'നക്ബ' എന്നറിയപ്പെട്ട അധിനിവേശ ദുരന്തത്തെ തുടര്‍ന്ന് ഫലസ്ഥീനിലെ ഐന്‍ ഹോദില്‍ നിന്ന് ജെനിനിലെ അഭയാര്‍ഥിക്യാംപില്‍ എത്തിപ്പെടുന്ന അബുല്‍ ഹേജ കുടുംബത്തിന്റെ അനുഭവങ്ങളിലൂടെ നാലു തലമുറകളിലൂടെ വിവിധ ദേശങ്ങളിലൂടെ ഫലസ്ഥീന്‍ അഭയാര്‍ഥിത്വത്തെയും അപ്പോഴും ഉള്ളില്‍ പേറുന്ന ഫലസ്ഥീന്‍ എന്ന വികാരത്തെയും അവതരിപ്പിച്ചു. 'ജെനിനിലെ പ്രഭാതങ്ങള്‍'ക്ക് ഒരു തുടര്‍ച്ചയാണ് അബുല്‍ഹവായുടെ ഇക്കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എന്ന The Blue Between Sky and Water നോവല്‍.

നക്ബയെ തുടര്‍ന്ന് ബയ്ത് ദറാസിലെ പ്രശാന്ത ജീവിതം ഉപേക്ഷിച്ച് ഗസ്സയിലേക്ക് പലായനം ചെയ്യേണ്ടി വരുന്ന ഒട്ടേറെ അംഗങ്ങളും താവഴികളുമുള്ള ബരാക കുടുംബമാണ് നോവലിന്റെ കേന്ദ്രത്തില്‍. സുലൈമാന്‍ എന്നു വിളിക്കുന്ന ഒരു ആത്മാവ് കൂട്ടുള്ള കുടുംബ കാരണവത്തിയായ ഉമ്മു മംദൂഹിന് വിചിത്ര സിദ്ധികളുണ്ട്. ഇസ്‌റയേലികള്‍ ഉള്ളില്‍ ഒളിപ്പിച്ചുവച്ച പൈശാചികത്വത്തെ കുറിച്ച് അവര്‍ മുന്നേ പ്രവചിക്കുന്നുണ്ട്. 'ഈ മലകളില്‍നിന്നു തദ്ദേശീയരുടെ രക്തമൊഴുകും' എന്ന ദുരന്തപ്രവചനത്തോടൊപ്പം 'എന്നാല്‍ ഈ ദേശം വീണ്ടും ഉയിര്‍ക്കും' എന്നു ശുഭാപ്തി പകരുന്നുമുണ്ട് സുലൈമാന്‍. ഇളയ മകള്‍ മറിയാമിനു നിറപ്പകര്‍ച്ചകളെ സൂക്ഷ്മമായി കാണാനും അതില്‍നിന്ന് ആളുകളുടെ, മാനസികാവസ്ഥയും സ്വഭാവവും വിലയിരുത്താനും കഴിയും. മാജിക്കല്‍ റിയലിസത്തിന്റെ സ്വഭാവമുള്ള ഇത്തരം സൂചനകളിലൂടെ നിരന്തരം അരങ്ങേറുന്ന ഭവനനശീകരണവും കൂട്ടബലാല്‍ക്കാരങ്ങളും ശിശുഹത്യകളും പോലുള്ള കൊടിയ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്ന ഒരു ജനതയെ അവരുടെ ശിഥിലജീവിതങ്ങളുടെ നിരര്‍ഥക ആവര്‍ത്തനങ്ങള്‍ക്കിടയിലും സര്‍ഗസ്പര്‍ശമുള്ളതാക്കുന്ന നോവലിസ്റ്റിന്റെ രീതി, സമാനമായ ദുര്യോഗങ്ങള്‍ അനുഭവിക്കുന്ന ജനജീവിതങ്ങളെ ആവിഷ്‌കരിക്കുന്ന ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരുടെ രീതിയുമായി താരതമ്യപ്പെടുത്താവുന്നതാണ്.

മുറിവേറ്റ മകനെയും കൊണ്ട് ക്യാംപിലേക്കു പോകുന്ന വഴി ഇസ്‌റാഈലി സൈനികര്‍ ഉമ്മു മംദൂഹിനെ വെടിവയ്ക്കുമ്പോള്‍ അവര്‍ അവരെ നോട്ടം കൊണ്ട് ചൂളയിലിട്ടു എന്ന് നോവലിസ്റ്റ് വിവരിക്കുന്നു: ''അവരുടെ അസ്ഥികള്‍ നുരയായിത്തീര്‍ന്നു. ഹൃദയങ്ങള്‍ ഐസുകട്ടകളും. മുഖങ്ങള്‍ വിളറിവെളുത്തു. പിന്നീട് തീനാളങ്ങളായിത്തീര്‍ന്നു, പുളഞ്ഞെരിഞ്ഞു, കത്തിയമര്‍ന്നു.'' ബയ്ത് ദറാസിലെ അന്തിമാനുഭവമായി സൈനികരുടെ കൂട്ടബലാല്‍ക്കാരം നേരിടുന്ന നെസ്മിയ അതിനകം കൊല്ലപ്പെട്ടിരുന്ന അനിയത്തി മറിയാമിന്റെ ആത്മസ്വരം കേള്‍ക്കുന്നുണ്ട്-''എന്നെ വിട്ടേക്കൂ, എനിക്ക് ബയ്ത് ദറാസ് വിട്ടുപോരാനാകില്ല.'' ഗസ്സയിലെ ദുരിതജീവിതത്തില്‍ എപ്പോഴും തനിക്ക് മറിയാമിന്റെ സംരക്ഷണമുണ്ട് എന്ന് നെസ്മിയക്ക് അനുഭവപ്പെടുന്നുണ്ട്. ആദ്യമകന്‍ പിറക്കുമ്പോള്‍ അവന്റെ വെള്ളാരംകണ്ണുകളില്‍ തന്നെ ബലാല്‍ക്കാരം ചെയ്ത സൈനികനെ കാണുന്ന നെസ്മിയ അവനെ ഇബ്‌ലീസ് എന്ന് പേരിടണമെന്നു ക്രുദ്ധയാകുന്നു. എന്നാല്‍ മൊഴി ചൊല്ലുമെന്ന ഭര്‍ത്താവിന്റെ ഭീഷണിയെക്കാള്‍ ഏറെ കുഞ്ഞുമകനു മുലയൂട്ടുന്നതിന്റെ സ്പര്‍ശമാണ് അവനെ സ്‌നേഹിക്കാന്‍ അവളെ പഠിപ്പിക്കുക. പില്‍ക്കാലം അവന്റെ പിതൃത്വത്തിനുനേരെ ചോദ്യമുയര്‍ത്തുന്നവരെ ഊറ്റത്തോടെ നേരിടുന്നുമുണ്ട് അവര്‍.

മറിയാമിന്റെ ആത്മനിര്‍ദേശമായി മകള്‍ക്ക് അല്‍വാന്‍ എന്ന പേരിടാന്‍ മറ്റു പതിനൊന്ന് ആണ്‍കുട്ടികളെ കൂടി പ്രസവിക്കേണ്ടിയിരുന്നു നെസ്മിയക്ക്. ഗസ്സ കേന്ദ്രമായി വളരുന്ന ചെറുത്തുനില്‍പ്പിന്റെ മുന്‍നിരയില്‍ ഇരുപതു തികഞ്ഞിട്ടും 'യാസര്‍ അറഫാത്തിനെ പോലെ ചെറുത്തുനില്‍പ്പിനെ മാത്രം വിവാഹം ചെയ്തവനായി' കഴിഞ്ഞ മെസാനും ഉണ്ട് എന്നത് നോവലില്‍ ചുരുങ്ങിയ സൂചകങ്ങളിലൂടെ വ്യക്തമാകുക ഈ ഘട്ടത്തിലാണ്. അധിനിവിഷ്ട ഇസ്‌റാഈലിലേക്കുള്ള പൈപ്പ്‌ലൈന്‍ നശീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന കുറ്റം ചാര്‍ത്തിയാണ് അവന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്.

നോവലിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ ബരാക്ക കുടുംബത്തിലെ നാലാം തലമുറയില്‍ അമേരിക്കയില്‍ ജനിച്ച നൂര്‍ വാല്‍ഡെസ് എന്ന പെണ്‍കുട്ടിയുടെ ജീവിതാനുഭവങ്ങളുമായും വേരുകളിലേക്കുള്ള അവളുടെ തിരിച്ചെത്തലുമായും കണ്ണിചേര്‍ന്നാണ് അവതരിപ്പിക്കപ്പെടുന്നത്. ആറുദിന യുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്യുന്ന മംദൂഹിന്റെ കൊച്ചുമകള്‍. ''കഥകള്‍ പ്രധാനമാണ്. നമ്മുടെ കഥകളിലൂടെയാണ് നാം പിറക്കുന്നത്. മനുഷ്യഹൃദയം നാമതില്‍ നിക്ഷേപിക്കുന്ന വാക്കുകള്‍ കൊണ്ടാണ് ഉണ്ടായിത്തീരുന്നത് '' എന്നു കൊച്ചുമകളെ ഉപദേശിക്കുമായിരുന്ന മുത്തച്ഛന്‍ ബയ്ത് ദറാസില്‍ നിന്നുള്ള ഒരായിരം കഥകള്‍ പറഞ്ഞുകൊടുത്തു അവളെ വളര്‍ത്തി. പില്‍ക്കാലം തന്‍കാര്യം മാത്രം നോക്കിയ മാതാവിന്റെ അവഗണനയും ബാലപീഡകനായിരുന്ന രണ്ടാനച്ഛനില്‍നിന്നേറ്റ ഹീനമായ മുറിവുകളും കെയര്‍ടേക്കര്‍മാരായ പല വീടുകളിലെ അനാഥത്വവും നല്‍കിയ കൈയ്‌പ്പേറിയ അനുഭവങ്ങള്‍ അവള്‍ മറികടക്കുക ഈ കഥകള്‍ നല്‍കിയ ഊര്‍ജവും സാമൂഹ്യ സേവന വകുപ്പിലെ പ്രവര്‍ത്തകയായ സൗത്ത് ആഫ്രിക്കന്‍ യുവതി എന്‍സിംഗയെയുടെ സ്‌നേഹ സാന്ത്വനവും ഉപയോഗപ്പെടുത്തിയായിരിക്കും. ഗസ്സയിലല്ലെങ്കിലും 'ഫലസ്ഥീനിയാകുക എന്നതിന്റെ ഏറ്റവും അടിസ്ഥാന സത്യം അവളുടെ ജീവിതം പ്രതിഫലിപ്പിച്ചു എന്നതു വൈരുധ്യമായിരുന്നു: ഒന്നുമില്ലാത്തവളാകുക, ആരുമില്ലാത്തവളാകുക, ബഹിഷ്‌കൃതയാകുക.'' വേണ്ടെന്നു തോന്നുമ്പോള്‍ വലിച്ചെറിയാനുള്ള ഒരു പഴയ ചെരുപ്പല്ല നൂര്‍ എന്ന് സ്വന്തം മകള്‍ക്കെതിരേ കൊച്ചുമകളെ സംരക്ഷിച്ച ടിയോ സാന്റിയാഗോയുടെ യഥാസമയത്തുള്ള ഇടപെടലിന്റെ മാത്രം കാരണം കൊണ്ട് ജീവിതത്തിലേക്കു തിരികെ വരുന്ന നൂര്‍, നല്ല വിദ്യാര്‍ഥിനിയായും വകതിരിവുള്ളവളായും എന്‍സിംഗയുടെ പ്രതീക്ഷ നിറവേറ്റും. ഇനിയുമൊരിക്കല്‍ അവള്‍ക്ക് സ്വയം താനൊരു വലിച്ചെറിയാനുള്ള ചെരുപ്പാണ് എന്നു തോന്നുക, പ്രണയത്തിന്റെ മരീചികയായി അവളുടെ ജീവിതത്തിലെത്തുകയും ഉള്ളില്‍ ഉരുവാകുന്ന ജീവന്റെ തുടിപ്പിനൊപ്പം ഉപേക്ഷിക്കുകയും ചെയ്യുന്ന ജമാലിന്റെ അവഗണനയിലാണ്. അതു സംഭവിക്കുക ഗസ്സയിലാണ്. ഹാജ് നെസ്മിയയുടെ സഹോദരന്റെ കൊച്ചുമകള്‍ തിരികെ ഗസ്സയില്‍ എത്തിയിരിക്കുന്നു എന്ന വാര്‍ത്ത 'റോമിലെ മഡോണ പ്രതിമയുടെ കണ്ണില്‍നിന്നു ചോര വാര്‍ന്നുവീഴുന്നുവെന്ന അഭ്യൂഹം പോലെ ക്യാംപിലെങ്ങും പടര്‍ന്നു' എന്നാണു നോവലില്‍ വിവരിക്കുന്നത്. ഇത്തവണ അവള്‍ക്ക് തുണയാകുക നെസ്മിയ മുത്തശ്ശിയും അല്‍വാന്‍ അമ്മായിയുമാണ്. പാപം സംഭവിച്ചുകഴിഞ്ഞു, ഗര്‍ഭച്ഛിദ്രമെന്ന മറ്റൊരു പാപത്തിലൂടെ നടത്തുന്ന അഭിമാന സംരക്ഷണം എല്ലാം കാണുന്നവന്റെ കണ്ണില്‍ പാപമോചനമല്ലെന്നു മുത്തശ്ശി തീരുമാനിക്കുന്നു. സ്വന്തക്കാര്‍ എന്ന നിലയിലല്ലാതെ ആത്മീയമായ ഒരര്‍ഥത്തില്‍ തന്നെ തിരിച്ചും സ്‌നേഹിക്കുന്ന ഒരാളെ തനിക്കു സ്‌നേഹിക്കാന്‍ ആവശ്യമുണ്ട് എന്നതാണു കുഞ്ഞിനെ വളര്‍ത്തുന്നതിനു ന്യായീകരണമായി എന്‍സിംഗയോട് നൂര്‍ പറയുക. ഫലസ്ഥീനിന്റെ സമരചരിത്രത്തിന്റെ ഉജ്ജ്വലമുഖമായ അമേരിക്കന്‍ യുവതി റേച്ചല്‍ കോറിയുടെ ഓര്‍മയില്‍ 'റേറ്റ്‌ഷെല്‍' എന്നു പേരിട്ട കുടുംബത്തിന്റെ അരുമയായ അല്‍വാന്റെ കുഞ്ഞുമകളോട് നൂറിനു തോന്നുന്ന വാത്സല്യം സാക്ഷിനിര്‍ത്തി എന്‍സിംഗെയും അവള്‍ക്കുറപ്പു കൊടുക്കുന്നു: ''നീ ഒരു ക്ലാസിക് ടെക്സ്റ്റ്ബുക്ക് നാര്‍സിസിസ്റ്റ് ആയ നിന്റെ മമ്മയെ പോലെ പരാജയപ്പെട്ട ഒരമ്മയായിരിക്കില്ല. നീയൊരു നല്ല മാതാവായിരിക്കും.''

ആണുങ്ങളെല്ലാം ഒന്നുകില്‍ സമരമുഖത്തും ഒളിവിലും അല്ലെങ്കില്‍ ഇസ്‌റയേല്‍ തടവറകളിലും എന്ന നിലയുള്ള ഗസ്സയില്‍ പെണ്‍കരുത്തില്‍ തന്നെയാണ് അതിജീവനം സാധ്യമാകുന്നത്. ഈ സ്ത്രീ കഥാപാത്രങ്ങളില്‍ ഏറ്റവും അത്ഭുതകരമായ പാത്രസൃഷ്ടി ഹാജ് നെസ്മിയ എന്ന നെസ്മിയ മുത്തശ്ശിയുടേതു തന്നെയാണ്. തലമുറകളുടെ ജനിയും മൃതിയും കണ്ടവള്‍, ജ്വലിക്കുന്ന സൗന്ദര്യമുണ്ടായിരുന്ന യൗവനവും ഏറെ സന്തതികളെ പെറ്റുപോറ്റിയ അനുഭവസമ്പത്തും ഒപ്പം ഒട്ടും നാണമില്ലാതെ ലൈംഗികച്ചുവയുള്ള പരുക്കന്‍ ഫലിതങ്ങളുമായി ചുറ്റുമുള്ള തകര്‍ന്ന ജന്മങ്ങള്‍ക്കു തണലാകുന്നവള്‍. നേരില്‍ കാണുന്നതിനും അറിയുന്നതിനും മുന്‍പേ നൂറിന്റെ ഒറ്റപ്പെടലും അനാഥത്വവും അതീന്ത്രിയ ശക്തിയാലെന്നോണം അറിഞ്ഞുകൊണ്ടിരുന്നവള്‍- ''മറിയം വീണ്ടും മരിച്ചിരിക്കുന്നു, നൂര്‍ ആകട്ടെ എകാകിനിയും ഭയചകിതയുമാണ്.''

ഫലസ്ഥീന്‍ ദുരന്തം വിഷയമാകുന്ന കൃതികളില്‍ പെണ്‍കരുത്തിന്റെ ഈ വിളംബരം സാധാരണമാണ്. ഇല്യാസ് ഖൗറിയുടെ 'സൂര്യ കവാടം' എന്ന നോവലില്‍ ഒരു കഥാപാത്രം പറയുന്നതുപോലെ, ''ഈ അമ്മമാര്‍ വല്ലാത്ത കൂട്ടരാണിഷ്ടാ..!'' എന്നാല്‍ നോവലിന്റെ പരിമിതിയായി ചൂണ്ടിക്കാണിക്കാവുന്ന ചില പ്രശ്‌നങ്ങള്‍ പ്രകടമാണ്. ഒരു ഘട്ടത്തില്‍ ഫലസ്ഥീന്‍ കുരുന്നിന് മിഠായി നല്‍കുന്ന ഒരൊറ്റ സൈനികനെ മാറ്റിനിര്‍ത്തിയാല്‍ നോവലിലുടനീളം ഇസ്‌റയേല്‍ സൈനികര്‍ ക്രൂരതയുടെയും നൃശംസതയുടെയും പര്യായങ്ങളാണ്. ഇസ്‌റയേല്‍ പിറവിയുടെ മറുവശത്തെ കുറിച്ചുള്ള ഒരു സമ്പൂര്‍ണ തമസ്‌കരണം നോവലിനെ വല്ലാതെ ഏകപക്ഷീയമാക്കുന്നുണ്ട്. അമേരിക്കയില്‍ സാമാന്യ സൗകര്യങ്ങളില്‍ വളര്‍ന്ന നൂറിനു ലോകത്തിലെ ഏറ്റവും കടുത്ത തുറന്ന ജയിലായ ഗസ്സയിലെ ശ്വാസംമുട്ടിക്കുന്ന സാഹചര്യങ്ങളോട് സമ്മര്‍ദമേതുമില്ലാതെ ഇഴുകിച്ചേരാന്‍ കഴിയുന്നതും അത്ര സ്വാഭാവികമല്ല.

'ആയിരത്തൊന്നു രാവുകളു'ടെ മാതൃകയില്‍ കഥകള്‍ക്കു പിറകെ കഥകളായി ഇരയായവരുടെ ജീവിതാവസ്ഥകള്‍ ആവിഷ്‌കരിക്കുന്ന നോവല്‍ ആരംഭിക്കുന്നത് തന്നെ ഫലസ്ഥീനികളുടെ മേല്‍ ഭക്ഷ്യ, പോഷക ദൗര്‍ബല്യം അടിച്ചേല്‍പ്പിക്കാനുള്ള ഔദ്യോഗിക ഇസ്‌റയേലി നയത്തെ പരാമര്‍ശിച്ചുകൊണ്ടാണ്. 'ഫലസ്ഥീനികളെ ഡയറ്റിങ്ങിനു വിധേയരാക്കുക എന്നതാണ് ആശയം' എന്ന വെയ്‌സ്ഗ്ലാസ് സിദ്ധാന്തം (Dov Weisglass) ഫലസ്ഥീനികളെ കൊല്ലാതെ കൊല്ലാനുള്ള മാര്‍ഗമായിരുന്നു. ഈജിപ്തില്‍നിന്നു തുരങ്കങ്ങള്‍ ഒരു സമാന്തര അതിജീവനമാര്‍ഗമായിത്തീരുന്നു. എന്നാല്‍, ആഖ്യാനം ഏതാണ്ട് മുഴുവനായും നടത്തുന്നത് ഗസ്സാ ബോംബിങ്ങിനിടെ കോമ അവസ്ഥയില്‍പെട്ടു കണ്ണിമ മാത്രം നേരിയ തോതില്‍ ചലിപ്പിക്കാനാകുന്ന, ജനനത്തിനും മുന്‍പുണ്ടായിരുന്ന അതീതകാലത്തെയോ ഇടത്തെയോ അടയാളപ്പെടുത്തുന്ന തലക്കെട്ടിലെ 'ആകാശത്തിനും ജലത്തിനുമിടയിലെ നീലിമയില്‍' കഴിയുന്ന ഖാലിദ് എന്ന റേറ്റ്‌ഷേലിന്റെ പത്തു വയസുകാരന്‍ സഹോദരന്റെ അതീതബോധമാണ് എന്നിരിക്കെ, ഒരു പത്തു വയസുകാരന്റെ ഭാഷാ പരിമിതികളോ ധാരണാവൈകല്യങ്ങളോ ഇല്ലാത്ത ആഖ്യാനരീതിയിലും വൈരുധ്യമുണ്ട്. ഇതൊക്കെയാണെങ്കിലും മഹാദുരിതങ്ങളുടെ കുത്തൊഴിക്കിലും ഇടക്കോരോ നൃത്തോത്സവങ്ങളും കടല്‍ക്കരയിലെ കൊച്ചുപാര്‍ട്ടികളും എപ്പോഴും അത്ര 'ശ്ലീല'മല്ലെങ്കിലും അല്‍വാന്റെ ബ്രെസ്റ്റ് കാന്‍സര്‍ പോലെ രോഗവും വൈകല്യങ്ങളും ചൂഴ്ന്നുനില്‍ക്കുന്ന ഗൃഹാന്തരീക്ഷത്തിലെ ഘനീഭാവം ലഘൂകരിക്കുന്ന ഫലിത പ്രയോഗങ്ങളും സര്‍വോപരി നാടിനു വേണ്ടിയുള്ള ത്യാഗം അടയാളപ്പെടുത്തുന്ന വീരോചിത പ്രവൃത്തികളും എല്ലാമായി, പ്രതീക്ഷകളിലേക്കു ജീവിതമുണരുന്ന സാധ്യതയെ പുസ്തകം ഉറ്റുനോക്കുന്നു; ആര്‍ക്കറിയാം, ഹമാസിന്റെ തടവിലുള്ള ഒരു ഇസ്‌റയേല്‍ സൈനികനു പകരമായി മോചിപ്പിക്കപ്പെടാന്‍ പോകുന്ന ആയിരം ഫലസ്ഥീന്‍ തടവുകാരുടെ കൂട്ടത്തില്‍ കുടുംബം ഉറ്റുനോക്കുന്ന മെസാനിന്റെ ജയില്‍മോചനം സാധ്യമായേക്കാം, അത് നൂറിനും മെസാനിനും ഇടയില്‍ നെസ്മിയ മുത്തശ്ശി ആഗ്രഹിക്കുംപോലെ ഒരു പുതിയ പ്രണയകഥയുടെ നീലിമ പടര്‍ത്തിയേക്കാം.

[email protected]


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  2 days ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago