ദമ്പതികളുടെ തിരോധാനം: അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് യുവതിയുടെ ബന്ധുക്കള്‍
കോട്ടയം: പൊലിസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ ദമ്പതികളെ കാണാതായ സംഭവത്തിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് യുവതിയുടെ സഹോദരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം-ഹബീബ ദമ്പതികളെയാണ് മാസങ്ങള്‍ക്കു മുന്‍പ് കാണാതായത്.
ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഹബീബയുടെ സഹോദരങ്ങളായ ഷിഹാബ്, ഇസ്്മാഈല്‍, പിതൃസഹോദരന്‍ ലത്തീഫ് എന്നിവര്‍ വ്യക്തമാക്കി.
ദമ്പതികളുടെ തിരോധാനം സംബന്ധിച്ച് ഇപ്പോള്‍ നടന്നുവരുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണം പ്രഹസനവും യഥാര്‍ഥ പ്രതികളെ സംരക്ഷിക്കുന്നതുമാണ്. ദമ്പതികള്‍ ആത്മഹത്യ ചെയ്തതാവാമെന്ന പൊലിസിന്റെ നിഗമനം ശരിയല്ല.
അന്വേഷണ സംഘത്തിലുള്ള കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന റിജു മുഹമ്മദും ഹാഷിമിന്റെ സഹോദരി ഭര്‍ത്താവ് അബ്ദുല്‍ സലാമും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇതു സംബന്ധിച്ച് ഡി.ജി.പിക്കും കോട്ടയം എസ്.പിക്കും പരാതി നല്‍കി. എന്നാല്‍ ഫലമുണ്ടായില്ല. ഭര്‍തൃവീട്ടുകാര്‍ക്ക് ഹബീബയുടെ വീട്ടുകാരേക്കാള്‍ ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബത്തില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
ഹബീബയ്ക്ക് ഭര്‍തൃവീട്ടില്‍ കഴിയാനുള്ള യോഗ്യതയില്ലെന്ന് ഹാഷിമും സഹോദരിയും ഭര്‍ത്താവ് അബ്്ദുല്‍ സലാമും പലതവണ ആക്ഷേപിച്ചിട്ടുണ്ട്. ഭാര്യയെ ഉപേക്ഷിക്കണമെന്ന് പലതവണ സലാം ഹാഷിമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഹബീബ നിന്നുകൊടുക്കാത്തതാണ് അബ്ദുല്‍ സലാമിന്റെ വൈരാഗ്യത്തിന് കാരണമെന്നും ഇവര്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ തങ്ങളോട് ഹബീബ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍ സലാമിനോട് ചോദിച്ചു. ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു കിട്ടിയിരുന്നു.
എന്നാല്‍, വീണ്ടും ഇത്തരം സംഭവങ്ങള്‍ തുടര്‍ന്നു. ഹാഷിമിന്റെ കുടുംബവുമായും അബ്്ദുല്‍സലാമുമായും അടുത്ത ബന്ധമുള്ള റിജു മുഹമ്മദ് തുടക്കം മുതല്‍ വസ്തുതകള്‍ വളച്ചൊടിക്കുകയാണ് ചെയ്തത്.
കുടുംബപ്രശ്‌നം സംബന്ധിച്ച് ഹബീബയെഴുതിയ കത്ത് റിജു വാങ്ങിയെങ്കിലും പിന്നീട് ഒരു വിവരവുമുണ്ടായില്ല. അന്വേഷണം അട്ടിമറിക്കുന്നതിനെതിരേ എസ്.പിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് അബ്ദുല്‍ സലാം തങ്ങളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി.
ദമ്പതികളുടെ തിരോധാനത്തില്‍ ഹാഷിമിന്റെ പിതാവിനും പങ്കുള്ളതായി സംശയിക്കുന്നു. ഏപ്രില്‍ ആറിന് ഹാഷിം ഒറ്റയ്ക്ക് പുറത്തു പോവാനൊരുങ്ങിയപ്പോള്‍ പിതാവാണ് ഉറങ്ങുകയായിരുന്ന ഹബീബയെ വിളിച്ച് കൂടെ വിട്ടത്. വീട്ടില്‍ ഭക്ഷണമുള്ളപ്പോള്‍ ഹര്‍ത്താല്‍ ദിനത്തില്‍ പുറത്ത് ഭക്ഷണം വാങ്ങാന്‍ പോയെന്നതും വിശ്വസനീയമല്ല.
ഹബീബയെ അപായപ്പെടുത്തി ഹാഷിമിനെ മറ്റെവിടേക്കെങ്കിലും മാറ്റിയതാകാനും സാധ്യതയുണ്ടെന്ന് സഹോദരങ്ങള്‍ വ്യക്തമാക്കി. പീരുമേട്ടിലെ അബ്്ദുല്‍ സലാമിന്റെ റിസോര്‍ട്ടിലേക്കാണോ ഹാഷിം പോയതെന്നും അന്വേഷിക്കണം. ഇവരെ കാണാതാകുന്നിന്റെ തലേദിവസം മസ്‌കത്തിലേക്ക് പോയ സലാം ഏഴിന് തിരിച്ചെത്തിയതും സംശയം ഉണ്ടാക്കുന്നു. ദമ്പതികള്‍ പുറത്തുപോയ ദിവസം രാത്രി സലാം ഗള്‍ഫില്‍നിന്ന് വിളിച്ച് ഇവര്‍ തിരിച്ചെത്തിയോയെന്ന കാര്യം അന്വേഷിച്ചെന്ന് മകള്‍ ഫിദ പറഞ്ഞിട്ടുണ്ട്.
ദമ്പതികളുടെ തിരോധാനം സംബന്ധിച്ച് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിലൊന്നും തങ്ങളെ ഉള്‍പ്പെടുത്തിയില്ലെന്നും സഹോദരങ്ങളും പിതൃസഹോദരനും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."