ജി.എസ്.ടി കൊള്ളലാഭം: നടപടി വേണമെന്ന് മന്ത്രി ഐസക്
ആലപ്പുഴ: ജി.എസ്.ടിയുടെ മറവില്‍ കൊള്ളലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്കെതിരേ നടപടി വേണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതായും മന്ത്രി ആലപ്പുഴയില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ജി.എസ്.ടി നിലവില്‍ വന്നപ്പോള്‍ നികുതി കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയ്ക്കാന്‍ തയാറാകാത്ത കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ 150 ഓളം കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന 335 ഉല്‍പന്നങ്ങളുടെ വില കുറയ്ക്കാന്‍ തയാറായിട്ടുമില്ല. ധനവകുപ്പിന്റെ സ്‌ക്രീനിങ് കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് കമ്പനികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഹോട്ടല്‍ ഭക്ഷണത്തിന് വില കുറയ്ക്കണം. ഇതിനായി അഞ്ച് ശതമാനം കോംപോസിഷന്‍ അനുവദിച്ചിട്ടുണ്ട്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട കംപ്യൂട്ടര്‍ അപ്‌ലോഡിങ് സംവിധാനത്തിലെ പോരായ്മ കാരണം നികുതി വരവ് സംബന്ധിച്ച് അവ്യക്തതയുണ്ട്. ഇക്കാര്യങ്ങളെല്ലാം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."