എന്‍.സി.പിയില്‍ അടിച്ചമര്‍ത്തല്‍; ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടവര്‍ക്കെതിരേ നടപടി
തിരുവനന്തപുരം: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരേ ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരേ അടിച്ചമര്‍ത്തല്‍ നടപടിയുമായി എന്‍.സി.പി സംസ്ഥാന നേതൃത്വം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടയാളെ പുറത്താക്കിയതിനു പിന്നാലെ പരസ്യ അഭിപ്രായം പ്രകടിപ്പിച്ച മറ്റു പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.
തോമസ് ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട യുവനേതാവ് മുജീബ് റഹ്മാനെ എന്‍.സി.പിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണു മൂന്നു ജില്ലാ പ്രസിഡന്റുമാര്‍ അടക്കം അഞ്ചുപേര്‍ക്കെതിരേ അച്ചടക്ക നടപടി. നേതാക്കള്‍ക്കെതിരേ അഭിപ്രായം രേഖപ്പെടുത്തി എന്നതാണ് കാരണം കാണിക്കല്‍ നോട്ടിസുകളില്‍ പറയുന്ന കുറ്റം.
മന്ത്രിക്കെതിരേ ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്ന നിലപാടിനെതിരേ ശക്തമായി മുന്നോട്ടുപോകാനാണ് നോട്ടിസ് ലഭിച്ചവരുടെ തീരുമാനം. മന്ത്രിയുടെ താല്‍പര്യത്തിനു വഴങ്ങാത്തവരെ അടിച്ചമര്‍ത്തുകയാണു നേതൃത്വമെന്നാണു നോട്ടിസ് ലഭിച്ചവരുടെ നിലപാട്. ഉഴവൂര്‍ വിജയന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു യോഗം വിളിച്ചുചേര്‍ത്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, തൃശൂര്‍, കോട്ടയം പ്രസിഡന്റുമാര്‍, സതീഷ് കല്ലക്കുളം, സാംജി പഴയപറമ്പില്‍ എന്നിവര്‍ക്കാണ് ഇതുവരെ നോട്ടിസ് ലഭിച്ചത്.
അതേസമയം, ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവരോട് ഇനിയും ഒരു വിശദീകരണം പോലും പാര്‍ട്ടി ചോദിച്ചിട്ടുമില്ല. സംസ്ഥാന പ്രസിഡന്റായിരിക്കെ ഉഴവൂര്‍ വിജയനെതിരേ കൊലവിളി നടത്തിയ നേതാക്കള്‍ പാര്‍ട്ടിയില്‍ സുരക്ഷിത സ്ഥാനം നേടുമ്പോഴാണ് എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്നത്. ഇതിനെതിരേ പാര്‍ട്ടിയിലെ ഒരുവിഭാഗം ശക്തമായ പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."