ബംഗാളില്‍ മുകുള്‍ റോയ്ക്കെതിരേ പടയൊരുക്കം
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് രാഷ്ട്രീയ നേട്ടം ലക്ഷ്യംവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും ബംഗാളില്‍ മുകുള്‍ റോയിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി. ബി.ജെ.പി ബംഗാള്‍ ഘടകത്തിലെ മുതിര്‍ന്ന നേതാക്കളുടെ പ്രാതിനിധ്യം മുകുള്‍ റോയിയുടെ വരവോടെ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് അദ്ദേഹത്തിനെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം തുടങ്ങിയത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനം ബംഗാളില്‍ വിപുലമാക്കാന്‍ മുകുള്‍ റോയിയുടെ സാന്നിധ്യം ഉപകാരപ്പെടുമെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, പക്ഷേ അദ്ദേഹത്തിന് ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടുമായി മുന്നോട്ടുപോകാന്‍ കഴിയുമോയെന്ന് സംശയമാണെന്നും വ്യക്തമാക്കി. ഇതുവരെ ഒരു പ്രാദേശിക പാര്‍ട്ടിയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. പതിനായിരക്കണക്കിന് നേതാക്കളും ഈ പാര്‍ട്ടിയ്ക്കുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രമുഖനായിരുന്നു മുകുള്‍ റോയിയെങ്കിലും ബി.ജെ.പിയില്‍ അദ്ദേഹത്തെപോലെ നിരവധി നേതാക്കളുണ്ടെന്നകാര്യം ഓര്‍ക്കണമെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുകുള്‍ റോയ് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച അദ്ദേഹം കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. അദ്ദേഹത്തിന് വൈ കാറ്റഗറി സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."