ബി.ജെ.പിയിലെ വണ്‍മാന്‍ ഷോയും ടുമെന്‍ ആര്‍മി ഭരണവും അവസാനിപ്പിക്കണം: ശത്രുഘ്‌നന്‍ സിന്‍ഹ
പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരേ കടുത്ത വിമര്‍ശനവുമായി ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ.
പാര്‍ട്ടിയിലെ വണ്‍മാന്‍ ഷോയും ടുമെന്‍ ആര്‍മി ഭരണവും അവസാനിപ്പിച്ചെങ്കില്‍ മാത്രമേ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പാര്‍ട്ടിക്ക് വളരാനാവുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയുടെ ഇപ്പോഴത്തെ നീക്കത്തില്‍ യുവാക്കളും കര്‍ഷകരും വ്യാപാരികളും അസംതൃപ്തരാണ്. സര്‍ക്കാരിന്റെ നയം വികലമായി തുടരുകയാണ്. അതുകൊണ്ടുതന്നെ ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും പാര്‍ട്ടി വലിയ വെല്ലുവിളിയെയാണ് നേരിടുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലും ജനങ്ങള്‍ അസംതൃപ്തരാണ്. ചുവരെഴുത്ത് വായിക്കാതിരിക്കുകയും എതിരാളികളെ വിലകുറഞ്ഞ് കാണരുതെന്നും അദ്ദേഹം പ്രധാനമന്ത്രി മോദിയേയും അമിത്ഷായേയും ഓര്‍മിപ്പിച്ചു.
ബി.ജെ.പിയില്‍ നിന്ന് പുറത്തുപോകാനുള്ള നീക്കത്തിലാണോയെന്ന ചോദ്യത്തോട് താന്‍ ബി.ജെ.പിയില്‍ അംഗത്വമുള്ള ആളല്ലെന്നും പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന വണ്‍മാന്‍ ഷോയും ടുമെന്‍ ആര്‍മി ഭരണത്തേയും കുറിച്ചുള്ള അഭിപ്രായത്തെ മയപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരെ അകറ്റിനിര്‍ത്തിയതിന്റെ കാരണം മനസിലാകുന്നില്ല. ഒരു കുടുംബം പോലെ കഴിയുന്ന പാര്‍ട്ടിയില്‍ നിന്ന് ചിലരെ അകറ്റിനിര്‍ത്താതെ പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ പരിഹരിക്കാനല്ലെ ശ്രമം നടത്തേണ്ടതെന്നും അദ്ദേഹം ചോദിച്ചു. അദ്വാനിയും ജോഷിയും പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളാണ്. പാര്‍ട്ടിയുടെ മാര്‍ഗദര്‍ശക മണ്ഡല്‍ അംഗങ്ങളാക്കി ഇവരെ നിയമിക്കേണ്ടതുണ്ട്. പാര്‍ട്ടിക്കുണ്ടായ വീഴ്ചകളെ ആത്മാര്‍ഥമായി വിലയിരുത്താന്‍ ശ്രമിക്കണം.
നോട്ട് നിരോധനത്തെയും ജി.എസ്.ടിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. നോട്ട് നിരോധനം ഒരുപാടുപേരുടെ തൊഴില്‍ ഇല്ലാതാക്കിയിട്ടുണ്ട്. സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധിയാണ് ജി.എസ്.ടി വഴി ഉണ്ടായിരിക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്ന നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു.
ഗുജറാത്തില്‍ പട്ടേല്‍ സമുദായക്കാരുടെ സംവരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കളുടെ സമീപനം അഹങ്കാരം നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."