വിയറ്റ്‌നാമില്‍ വന്‍ ചുഴലിക്കാറ്റ്; 27 മരണം
ഹാനോയ്: വിയറ്റ്‌നാമില്‍ ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 27 പേര്‍ മരിച്ചു. എഷ്യാ-പസഫിക് രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന ഏഷ്യ-പസഫിക് എക്കോണമിക് കോപറേഷന്‍(അപെക്) ഉച്ചകോടിക്കു മണിക്കൂറുകള്‍ക്കു മുന്‍പാണ് രാജ്യത്തെ പിടിച്ചുലച്ച് ശക്തമായ ചുഴലിക്കാറ്റുണ്ടായത്.
മധ്യ-വടക്ക് വിയറ്റ്‌നാമിലാണു ഡാംരി ചുഴലിക്കാറ്റും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും വ്യാപക നാശം വിതച്ചത്. ഈ വര്‍ഷം രാജ്യത്തുണ്ടാകുന്ന 12-ാമത്തെ വലിയ ചുഴലിക്കാറ്റാണു കഴിഞ്ഞ ദിവസം രാജ്യത്ത് ആഞ്ഞുവീശിയ ഡാംരി.
മണിക്കൂറില്‍ 90 കി.മീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. സംഭവത്തില്‍ 40,000ത്തിലേറെ വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ കടപുഴകുകയും മേഖലയില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു.
22 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ രാജ്യത്തുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഡാംരി എന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.
അപെക് ഉച്ചകോടി നടക്കുന്ന ദനാങ്ങ് അപകടം നടന്ന ഭാഗങ്ങളില്‍നിന്ന് 500 കി.മീറ്ററോളം ദൂരത്താണുള്ളത്. ഇവിടെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ തുടങ്ങിയ നേതാക്കളും പരിപാടിക്കെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."