ഹരീരിയുടെ രാജി: ഇറാനെതിരേ പുതിയ ആയുധമാക്കാന്‍ സഊദിയും യു.എസും
ബെയ്‌റൂത്ത്: പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ഇറാനെ വില്ലന്‍സ്ഥാനത്ത് നിര്‍ത്തിയുള്ള പുതിയ പടയൊരുക്കങ്ങള്‍ക്കിടെ ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരിയുടെ രാജി പുതിയ മാനങ്ങളുള്ളതാണ്. സഊദിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ഹരീരിയുടെ രാജി എന്നതു തന്നെ നീക്കത്തിന്റെ ലക്ഷ്യങ്ങളിലേക്കു വ്യക്തമായ സൂചന നല്‍കുന്നുണ്ട്. ഇറാനും അവരുടെ സഖ്യകക്ഷിയായ ഹിസ്ബുല്ലയ്ക്കുമെതിരേ അന്താരാഷ്ട്രതലത്തില്‍തന്നെ നടപടി ശക്തമാക്കാന്‍ സഹായിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് സഅദ് ഹരീരി രാജിക്കു കാരണമായി സഊദി ചാനലായ അല്‍ അറബിയ്യയോട് വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഥമ തെക്കുകിഴക്കന്‍ ഏഷ്യന്‍ സന്ദര്‍ശനം തുടങ്ങിയ ദിവസം തന്നെയാണു രാജിയെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ജൂണില്‍ സഊദി കിരീടാവകാശിയായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ബിന്‍ സല്‍മാനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാനെതിരേ അടുത്തിടെ നിലപാട് കര്‍ക്കശമാക്കിയിട്ടുണ്ട്. ഇറാന്‍ മേഖലയില്‍ ഭീകരപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നുവെന്ന് സഊദി നിരന്തരം ആരോപണം ഉയര്‍ത്തുന്നതാണ്. അതിന്റെ തുടര്‍ച്ചയായിരുന്നു ഖത്തറിനെതിരായ ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഉപരോധം. ഇറാന്‍ ആണവ കരാറില്‍നിന്നു പിന്മാറാനുള്ള നീക്കങ്ങള്‍ക്കുപുറമെ ഹിസ്ബുല്ലയ്‌ക്കെതിരേയും അമേരിക്ക നിലപാട് ശക്തമാക്കിയത് അടുത്താണ്. ഹിസ്ബുല്ലയ്ക്കും സംഘടനയെ സഹായിക്കുന്ന രാഷ്ട്രങ്ങള്‍ക്കും എതിരേ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തെ കഴിഞ്ഞമാസം യു.എസ് കോണ്‍ഗ്രസ് ഐക്യകണ്‌ഠ്യേന പിന്തുണച്ചിരുന്നു.
സിറിയ, യമന്‍ ആഭ്യന്തരപ്രശ്‌നങ്ങളില്‍ ഇടപെടുന്നതായുള്ള ആരോപണങ്ങള്‍ക്കൊപ്പം ലബനാനെകൂടി ചിത്രത്തിലേക്കു കൊണ്ടുവന്ന് മേഖലയില്‍ ഇറാനെതിരായ നീക്കം ത്വരിതപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണു പുതിയ നീക്കങ്ങളെ വിലയിരുത്തപ്പെടുന്നത്. ഹരീരിയുടെ രാജി ഇറാനെതിരേ തുറന്നുപറയാനുള്ള അവസരമാണെന്ന് ഇസ്‌റാഈല്‍ പ്രതികരിച്ചിട്ടുണ്ട്. സിറിയയെ രണ്ടാം ലബനാന്‍ ആക്കാനുള്ള ഇറാന്റെ നീക്കത്തിനെതിരേ ലോകരാഷ്ട്രങ്ങള്‍ നടപടി ശക്തമാക്കണമെന്നും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹു ആവശ്യപ്പെട്ടു. അതേസമയം, ഹരീരിയുടെ രാജിയില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് സഊദി വ്യക്തമാക്കിയിട്ടുണ്ട്.
ശീഈ പ്രസ്ഥാനമായ ഹിസ്ബുല്ലയും ഹരീരിയുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗവും ചേര്‍ന്നുള്ള സഖ്യകക്ഷി സര്‍ക്കാര്‍ തുടക്കംമുതല്‍ അഭിപ്രായ ഐക്യത്തിലായിരുന്നില്ല മുന്നോട്ടുപോയത്. ഇറാനെ പിന്തുണക്കുന്ന ഹിസ്ബുല്ലയും സഊദിയുടെ ഉറ്റമിത്രവും ഹിസ്ബുല്ലയുടെ കടുത്ത എതിരാളിയുമായ ഹരീരിയുമടങ്ങുന്ന ഒരു മന്ത്രിസഭ ചിന്തിക്കാന്‍പോലും കഴിയാത്തതായിരുന്നെങ്കിലും പ്രസിഡന്റ് മൈക്കല്‍ ഔനാണ് ഇത്തരമൊരു നീക്കത്തിനു ചരടുവലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."