കണ്ണൂരിലെ ബസ് അപകടം ദുരന്തത്തിനിരയായവര്‍ക്ക് കണ്ണീരോടെ വിട നാല് പേരുടെ മൃതദേഹം ഖബറടക്കി
പഴയങ്ങാടി(കണ്ണൂര്‍): ചെറുതാഴം മണ്ടൂരില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നാടിനെ നടുക്കിയ ബസ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ നാല് പേരുടെ മൃതദേഹങ്ങള്‍ ഖബറടക്കി. സഹോദരന്‍ വിദേശത്ത് നിന്ന് വരാനുള്ളതിനാല്‍ അപകടത്തില്‍ മരിച്ച ചെറുകുന്ന് അമ്പലപുറത്തെ ആര്‍ട്ടിസ്റ്റ് സുജിത്ത് പട്ടേരിയുടെ മൃതദേഹം പിന്നീട് സംസ്‌കരിക്കും.
ടയര്‍ പൊട്ടി വഴിയരില്‍ കിടന്ന ബസിനു പിന്നില്‍ മറ്റൊരു ബസിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു പേരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാവിലെ 11 മണിയോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹംബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
പുതിയങ്ങാടി ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപിക ഏഴോം സ്വദേശിനി പി.പി.സുബൈദ, മകന്‍ നെരുവമ്പം അപ്ലൈഡ് സയന്‍സ് കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി മുഫീദ് എന്നിവരുടെ മൃതദേഹം ഏഴോം ഗവ. മാപ്പിള യു.പി സ്‌കൂളിലും സ്വവസതിയിലും പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് ഖബറടക്കം ഏഴോംബോട്ട് കടവിലെ വലിയ പള്ളി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു. പെരുമ്പ സ്വദേശി കെ.കെ.കരീമിന്റെ മൃതദേഹം മുട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പാപ്പിനിശ്ശേരി ബാപ്പിക്കാന്‍ തോടിന് സമിപം പൊന്നമ്പിലാത്ത് ഹൗസില്‍ മുസ്തഫയുടെ മൃതദേഹം പാപ്പിനിശേരിയിലും ഖബറടക്കി. അപകടത്തില്‍ മരണപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് പരിയാരം മെഡിക്കല്‍ കോളജിലും ഇവരുടെ വീടുകളിലും എത്തിയത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും ജനപ്രതിനിധികള്‍ അടക്കമുള്ളവരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."