കാടിന്റെ മക്കളെ അറിയാന്‍ ഈ സര്‍ക്കാര്‍ സ്‌കൂളിലേക്ക് പോന്നോളൂ...
നിലമ്പൂര്‍: ചോലനായ്ക്കര്‍ അടക്കമുള്ള നിലമ്പൂര്‍ കാടുകളിലെ ആദിവാസികളുടെ ജീവിതം അടുത്തറിയാന്‍ ഇനി കാടും മലയും കയറേണ്ട. നേരെ നിലമ്പൂരിലെ വീട്ടിക്കുത്ത് ഗവ.എല്‍.പി സ്‌കൂളിലെത്തിയാല്‍ മതി. കേട്ടിട്ട് വിശ്വാസം വരുന്നില്ലെങ്കില്‍ സംഗതി സത്യമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി മ്യൂസിയമാണ് ഇവിടെ ഒരുങ്ങുന്നത്. നിലമ്പൂര്‍ കാടുകളിലെയും മറ്റിടങ്ങളിലേയും വിവിധ ഗോത്രവര്‍ഗ വിഭാഗങ്ങളുടേയും ആദിവാസി കുടുംബങ്ങളുടേയും ജീവിത രീതികളും ഗുഹാവാസവും പ്രകൃതിദത്തമായാണ് മ്യൂസിയത്തില്‍ ഒരുക്കിയിട്ടുള്ളത്. സമഗ്രവിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഡോക്യുമെന്ററിയും ആദിവാസി നിഘണ്ടുവും ഒരുക്കുന്നുണ്ട്.
[caption id="attachment_447346" align="alignleft" width="332"] നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവ. എല്‍.പി സ്‌കൂളില്‍ ഒരുക്കുന്ന ആദിവാസി കുടില്‍[/caption]
കാടിന്റെ പശ്ചാത്തലത്തില്‍ ആദിവാസികളുടെ വേഷം, വിവിധ ഗോത്രങ്ങളുടെ ജീവിത രീതി, കുടുംബങ്ങള്‍, കാട്ടു കനികള്‍, വിഭവങ്ങള്‍, ആഹാരം, ആഘോഷം, ആചാരം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഇവിടെ ഒരുങ്ങുന്നത്. ആദിവാസികളുടെ ആയുധങ്ങള്‍, ആഭരണങ്ങള്‍, സംഗീത ഉപകരണങ്ങള്‍, ചുമര്‍ചിത്രങ്ങള്‍, കലാരൂപങ്ങള്‍, നൃത്തങ്ങള്‍ എന്നിവ കാന്‍വാസുകളിലും കുടിലുകളിലും ഗുഹാനിര്‍മിതികളിലുമായി സജ്ജീകരിച്ചിട്ടുണ്ട്.
മുളകള്‍, തേക്കിലകള്‍, രാമച്ചം, ഓലകള്‍, കച്ചി തുടങ്ങിയവ ഉപയോഗിച്ചാണ് ആദിവാസി കുടിലുകള്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിലമ്പൂരിലേക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് മ്യൂസിയം ഒരുക്കുന്നത്. വീട്ടിക്കുത്ത് സ്‌കൂളിലെ രണ്ട് ക്ലാസ് മുറികളാണ് കാടിന്റെ പരിച്ഛേദമായി മാറാന്‍ തയാറെടുക്കുന്നത്.
സ്‌കൂള്‍ കോംപൗണ്ടില്‍ ഏറുമാടങ്ങളും കുടിലുകളും നിര്‍മിക്കുന്ന പ്രവൃത്തികളും നടന്നുവരുന്നു. പൊതുഭരണവകുപ്പ് ഫണ്ടുപയോഗിച്ച് മലപ്പുറം ജില്ലാ ഡയറ്റിനു കീഴിലാണ് പദ്ധതി ഒരുങ്ങുന്നത്. പൊതു ഭരണവകുപ്പിന്റെ 3 ലക്ഷം രൂപയും പി.ടി.എയും നാട്ടുകാരും ചേര്‍ന്ന് സ്വരൂപിച്ച ഒരു ലക്ഷം രൂപയും ഉപയോഗിച്ചാണ് മ്യൂസിയം സ്ഥാപിക്കുന്നത്. അടച്ചു പൂട്ടല്‍ ഭീഷണിയില്‍നിന്ന് പൊതു പങ്കാളിത്തത്തോടെ ഉയിര്‍ത്തെഴുന്നേറ്റ വീട്ടിക്കുത്ത് ജി.എല്‍.പി സ്‌കൂളിന്റെ മികവിന് ഒരു പൊന്‍തൂവല്‍ കൂടിയാണ് ഈ മ്യൂസിയം.
പ്രധാനാധ്യാപകന്‍ ഇല്ലക്കണ്ടി അബ്ദുല്‍ അസീസിന്റേയും പി.ടി.എ ഭാരവാഹികളുടേയും നേതൃത്വത്തില്‍ ഒരുങ്ങുന്ന മ്യൂസിയത്തില്‍ കലാകാരനായ രാജന്‍ ചക്കാലക്കുത്താണ് കുടിലുകളുടെ രൂപകല്‍പനക്ക് നേതൃത്വം കൊടുക്കുന്നത്. തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളജ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെ കലാകാരനായ അനില്‍ അരവിന്ദ് ചുമര്‍ ചിത്രങ്ങളും തയാറാക്കി. ഈ മാസം അവസാനത്തോടെ മ്യൂസിയം ഉദ്ഘാടനത്തിനൊരുങ്ങും.
അന്യം നിന്നു പോകുന്ന ആദിവാസി കലകളെ പുതുതലമുറക്ക് പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനാധ്യാപകന്‍ ഇല്ലക്കണ്ടി അബ്ദുല്‍ അസീസ് പറഞ്ഞു. ഡിസംബറില്‍ വിദ്യാഭ്യാസ മന്ത്രി മ്യൂസിയം നാടിനു സമര്‍പ്പിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."