ഗെയില്‍: അണികളെ ബോധ്യപ്പെടുത്താന്‍ വിശദീകരണ ക്യാംപയിനുമായി സി.പി.എം
മുക്കം: ഗെയില്‍ വാതകപൈപ്പ് ലൈന്‍ സമരവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സി.പി.എം അണികളെ ബോധ്യപ്പെടുത്താന്‍ ക്യാംപയിനുമായി രംഗത്ത്. വിവിധ ലോക്കല്‍ സമ്മേളനങ്ങളിലടക്കം ഗെയില്‍ വിഷയം വലിയ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് തിരുവമ്പാടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് വിപുലമായ രീതിയില്‍ ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. മലയോര മേഖലയില്‍ ഗെയില്‍ വിരുദ്ധ സമരത്തിന് ആദ്യം കൊടിനാട്ടുകയും പിന്നീട് അധികാരത്തിലേറിയപ്പോള്‍ തള്ളിപറയുകയും ചെയ്ത പാര്‍ട്ടി നിലപാട് വ്യാപകമായ വിമര്‍ശനത്തിനും പ്രതിഷേധത്തിനും വഴിവച്ചതോടെയാണ് സി.പി.എം പുതിയ നീക്കവുമായി രംഗത്തെത്തിയത്.
സി.പി.എമ്മിനും കേരള സര്‍ക്കാരിനുമെതിരേ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെ വിശദീകരണം' എന്ന നിലയിലാണ് ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ വൈകീട്ട് അഞ്ചിന് മുക്കത്ത് നടക്കുന്ന വിശദീകരണ പൊതുയോഗത്തില്‍ കേന്ദ്ര കമ്മറ്റി അംഗം എളമരം കരിം പങ്കെടുക്കും. 9, 10, 11, 12 തിയ്യതികളില്‍ കാരശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലും മുക്കം നഗരസഭയിലും കാല്‍നട ജാഥകള്‍ സംഘടിപ്പിക്കാനും ഏരിയാ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.
പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപെട്ട് എരഞ്ഞിമാവില്‍ നടന്ന സമരം എസ്.ഡി.പി.ഐ, പോപ്പുലര്‍ഫ്രണ്ട്, സോളിഡാരിറ്റി പോലുള്ള സംഘടനകള്‍ നുഴഞ്ഞു കയറി അക്രമാസക്തമാക്കിയതാണെന്നും തീവ്രവാദികളാണ് സമരത്തിന് പിന്നിലെന്നും ആവര്‍ത്തിച്ച് പറയുന്ന സി.പി.എമ്മിന് മുക്കം നഗരസഭയിലും കൊടിയത്തൂര്‍ പഞ്ചായത്തിലും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ അധികാരം പങ്കിടുന്നത് വിശദീകരിക്കാനായിട്ടില്ല. ഈ ഇരട്ടത്താപ്പ് നയം പാര്‍ട്ടിയെ വലിയ രീതിയില്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സമരത്തെ പൊലിസ് അടിച്ചമര്‍ത്തിയ രീതിയും ജോര്‍ജ് എം. തോമസ് എം.എല്‍.എ സമരക്കാരെ പരിഹസിച്ചു സംസാരിച്ചതടക്കം അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. സമരത്തിന്റെ മറവില്‍ അക്രമം നടത്തിയവരെ സഹായിക്കുന്ന യു.ഡി.എഫ് നിലപാട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നതിന് സമമാണെന്നും ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പ്രവൃത്തി തുടങ്ങിയ പദ്ധതിയെ അന്ന് ന്യായീകരിച്ച യു.ഡി.എഫ് നേതൃത്വം ഇപ്പോള്‍ എല്‍.ഡി.എഫ് ഭരിക്കുന്നതിനാല്‍ സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഏരിയാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക ദുരീകരിക്കാനും സ്ഥലമുടമകളുടെ നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാനും സി.പി.എം നേരത്തെ നടത്തിയ ശ്രമം ഇപ്പോഴും തുടരുകയാണെന്നും ഏരിയാ കമ്മറ്റി പ്രസ്താവനയില്‍ അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."