പുജിമോന്റിനെയും മന്ത്രിമാരെയും ബെല്‍ജിയം കോടതി വിട്ടയച്ചു
ബ്രസല്‍സ്: കഴിഞ്ഞ ദിവസം ബ്രസല്‍സ് പൊലിസില്‍ കീഴടങ്ങിയ മുന്‍ കാറ്റലന്‍ സര്‍ക്കാര്‍ പ്രസിഡന്റ് കാര്‍ലെസ് പുജിമോന്റിനെയും നാലു മുന്‍ മന്ത്രിമാരെയും ബെല്‍ജിയം കോടതി ഉപാധികളോടെ വിട്ടയച്ചു. ബെല്‍ജിയം അധികൃതരുടെ അനുവാദം കൂടാതെ രാജ്യം വിടരുതെന്നും താമസസ്ഥലങ്ങളെ കുറിച്ചു കൃത്യമായ വിവരങ്ങള്‍ കൈമാറണമെന്നുമാണ് ഇവര്‍ക്ക് കോടതി നിര്‍ദേശിച്ച ഉപാധികള്‍.
നേരത്തെ സ്പാനിഷ് കോടതി പുറപ്പടുവിച്ച യൂറോപ്യന്‍ അറസ്റ്റ് വാറന്റി(ഇ.എ.ഡബ്ല്യു)നെ തുടര്‍ന്നാണ് അഞ്ചുപേരും ബ്രസല്‍സ് പൊലിസില്‍ നേരിട്ടു കീഴടങ്ങിയത്. 15 ദിവസത്തിനകം ഇവര്‍ വീണ്ടും കോടതിയില്‍ ഹാജകാരുമെന്നാണു കരുതപ്പെടുന്നത്. അഞ്ചുപേരെയും സ്‌പെയിനിനു കൈമാറാന്‍ 60 ദിവസത്തെ കാലാവധിയാണ് ബെല്‍ജിയത്തിനു മുന്നിലുള്ളത്. എന്നാല്‍, സംഘം എതിര്‍ നിയമനടപടികളിലേക്കു നീങ്ങിയില്ലെങ്കില്‍ അതിനു മുന്‍പുതന്നെ അവരെ കൈമാറിയേക്കുമെന്നാണു ലഭിക്കുന്ന വിവരം. മെരിറ്റ്ക്‌സെല്‍ സെരെറ്റ്(കാര്‍ഷിക വകുപ്പ്), അന്റോണി കോമിന്‍(ആരോഗ്യം), ലൂയിസ് പ്യൂഗ്(സാംസ്‌കാരിക വകുപ്പ്), ക്ലാര പൊന്‍സാറ്റി(വിദ്യാഭ്യാസം) എന്നിവരാണ് ബെല്‍ജിയത്തില്‍ ഒളിവില്‍ കഴിയുന്ന മറ്റ് കാറ്റലോണിയ മന്ത്രിമാര്‍.
നിയമനടപടികളില്‍നിന്നും നീതിന്യായ പ്രക്രിയയില്‍നിന്നും ഒളിച്ചോടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പുജിമോന്റിന്റെ പാര്‍ട്ടിയായ പിഡികാറ്റ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. സ്‌പെയിനില്‍ പ്രതീക്ഷയില്ലാത്ത നിഷ്പക്ഷവും സുതാര്യവുമായ നിയമനടപടികള്‍ ബെല്‍ജിയത്തിലുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ മാസം 27ന് കാറ്റലന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു പിറകെ സ്പാനിഷ് സര്‍ക്കാര്‍ പ്രദേശത്തിന്റെ അധികാരം പിടിച്ചതോടെയാണ് പുജിമോന്റും സഹായികളും ബെല്‍ജിയത്തിലേക്കു കടന്നത്. സ്വതന്ത്രമായ വിചാരണ നടക്കുമെന്ന് ഉറപ്പു ലഭിച്ചാല്‍ മാത്രമേ താന്‍ സ്‌പെയിനിലേക്കു തിരിച്ചുപോകൂവെന്ന നിലപാടിലാണ് പുജിമോന്റ്. കാറ്റലന്‍ മന്ത്രിസഭയിലെ മറ്റ് ഒന്‍പതുപേരെ നേരത്തേ സ്പാനിഷ് അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ വാണിജ്യ മന്ത്രിയായിരുന്ന സാന്റി വിലയെ 50,000 യൂറോ ജാമ്യത്തുകയില്‍ വിട്ടയച്ചു. രാജ്യദ്രോഹം, കലാപം സൃഷ്ടിക്കല്‍, കാറ്റലന്‍ സ്വാതന്ത്ര്യ നടപടികള്‍ക്കായി പൊതുസ്വത്ത് ദുര്‍വിനിയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് എല്ലാവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."