ടെക്സാസ് ചര്‍ച്ച് ആക്രമണം: അക്രമിക്ക് മനോരോഗമെന്ന് ട്രംപ്
ടോക്കിയോ: ടെക്സാസിലെ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ നടന്ന വെടിവയ്പില്‍ 27 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 27പേരെ വെടിവച്ച് കൊലപ്പെടുത്തിയ അക്രമി മാനസികരോഗിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തില്‍ ഇരുപതിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം പ്രാദേശിക സമയം ഉച്ചയ്ക്ക് 11.30ഓടെയാണ് ടെക്സാസിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ വെടിവയ്പ് നടന്നത്. അഞ്ചിനും72നുമിടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. പ്രാര്‍ഥന നടക്കുന്നതിനിടെ പള്ളിയിലെത്തിയ അക്രമി തലങ്ങും വിലങ്ങും വെടിവയ്ക്കുകയായിരുന്നു. ഈ സമയത്ത് എഴുപതിലേറെ പേര് പള്ളിയില്‍ ഉണ്ടായിരുന്നു.
ഡെവിന് പാട്രിക് കെല്ലി എന്ന 26കാരനാണ് ആക്രമണം നടത്തിയതെന്നു പിന്നീട് വ്യക്തമാക്കിയ പൊലിസ് ഇയാളും മരിച്ചതായി സ്ഥിരീകരിച്ചു. ആക്രമണത്തിനു ശേഷം കാറില്‍ രക്ഷപ്പെട്ട ഇയാളെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അക്രമി രക്ഷപ്പെടുന്നതു കണ്ട് പിന്തുടര്‍ന്ന രണ്ടുപേര്‍ ഇയാളെ വെടിവച്ചു വീഴ്ത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിനു പിന്നില്‍ മറ്റു പ്രചോദനങ്ങളില്ലെന്നു വ്യക്തമാക്കിയ ട്രംപ്, അക്രമിക്കു കടുത്ത മാനസികരോഗമായിരുന്നെന്നും വിശദീകരിച്ചു. ടോക്കിയോയില്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബേയുമൊത്തു വാര്ത്താസമ്മേളനത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇപ്പോള്‍ വിശദീകരിക്കുന്ന കാര്യങ്ങള്‍ പ്രാഥമിക റിപ്പോര്ട്ടുകള്ക്കനുസരിച്ചാണെന്നും അമേരിക്കയില്‍ ഇത്തരം മാനസിക പ്രശ്നങ്ങളുള്ളവര്‍ നിരവധിയുണ്ടെന്നും ട്രംപ് പറഞ്ഞു.
അതേസമയം, അക്രമിയായ യുവാവ് 2014ല്‍ അമേരിക്കന്‍ വ്യോമസേനയില്‍നിന്നു പിരിച്ചുവിടപ്പെട്ടയാളാണ്. ഭാര്യയുമായുണ്ടായ പ്രശ്നങ്ങള്‍ക്കുശേഷം കോടതിയില്‍നിന്നു പ്രതികൂല വിധി ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്.
എന്നാല്‍, ട്രംപിന്റെ ഈ വാദങ്ങള്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. നേരത്തേ നടന്ന ആക്രമണങ്ങളില്‍ തീവ്രവാദ ബന്ധമാരോപിച്ചും തീവ്രവാദ ഗ്രൂപ്പുകളെ ശക്തമായ ഭാഷയില്‍ താക്കീത് ചെയ്തും രംഗത്തെത്തിയിരുന്ന അദ്ദേഹം ടെക്സാസ് ആക്രമണത്തില്‍ ആ നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."