പാരഡൈസ് പേപ്പേഴ്‌സ് ലോകരാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
ലണ്ടന്‍: ലോകരാഷ്ട്രീയത്തെ ഇളക്കിമറിക്കാന്‍ സാധ്യതയുള്ള രേഖകളാണ് പാരഡൈസ് പേപ്പേഴ്‌സിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രിയോടെ പുറത്തുവിട്ട ആദ്യഘട്ട രേഖകളില്‍ ബ്രിട്ടീഷ് രാജ്ഞി, യു.എസ് സാമ്പത്തികകാര്യ സെക്രട്ടറി, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഉപദേഷ്ടാവ് തുടങ്ങിയവരുടെ പേരുകളാണു പുറത്തുവന്നത്. ബ്രിട്ടന്‍, അമേരിക്ക, റഷ്യ അടക്കമുള്ള ലോകശക്തികളെ അമ്പരപ്പിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണു കരുതപ്പെടുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രധാന വെളിപ്പെടുത്തലുകള്‍ താഴെ:
എലിസബത്ത് രാജ്ഞിയുടെ വിദേശ നിക്ഷേപങ്ങള്‍
ഡച്ചി ലങ്കാസ്റ്റര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ സ്വകാര്യ സാമ്പത്തിക സാമ്രാജ്യത്തിന് ആകെ 4,390 കോടി രൂപയുടെ ആസ്ഥിയുണ്ടെന്നാണു വിവരം. ഇതില്‍ 84 കോടിയോളം രൂപ ബ്രിട്ടന് കീഴിലുള്ള ദ്വീപ്പ്രദേശങ്ങളായ കേയ്മാനും ബര്‍മുഡയും അയര്‍ലന്‍ഡും അടക്കം നിരവധി വിദേശ രാഷ്ട്രങ്ങളില്‍ നിക്ഷേപിച്ചതായാണു വിവരം.
ഇതില്‍ 2,32,81,200 രൂപ രാജ്ഞിക്കു ലഭിച്ചിട്ടുണ്ട്. വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും വാടകയ്ക്കു നല്‍കുന്ന ബ്രൈറ്റ് ഹൗസ് പോലെയുള്ള നിരവധി വിവാദ വ്യവസായ കമ്പനികളിലാണു സ്വത്തുക്കള്‍ നിക്ഷേപിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്താക്കളെ ചൂഷണം ചെയ്തതടക്കമുള്ള കേസ് ബ്രൈറ്റ് ഹൗസ് നേരിടുന്നുണ്ട്. എന്നാല്‍, നികുതിയുടെ കാര്യത്തില്‍ രാജ്ഞിക്ക് ഒരു ഇളവും ലഭിച്ചിട്ടില്ലെന്നും കൃത്യമായ നികുതി നല്‍കിത്തന്നെയാണു വിദേശത്ത് നിക്ഷേപം നടത്തിയതെന്നും ഡച്ചി ലങ്കാസ്റ്റര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.
വില്‍ബര്‍ റൂസിന്റെ രഹസ്യ ഇടപാടുകള്‍
പ്രമുഖമായൊരു കപ്പല്‍ കമ്പനിയില്‍ കോടികളുടെ ഓഹരി ഉടമയാണ് യു.എസ് സാമ്പത്തികകാര്യ സെക്രട്ടറിയായ വില്‍ബര്‍ റൂസ്. നാവിഗേറ്റര്‍ എന്ന പേരിലുള്ള കമ്പനിയില്‍ റൂസിനു പുറമെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ കുടുംബത്തിലെ ചിലര്‍ക്കും ഓഹരിയുണ്ടെന്നതാണ് പാരഡൈസ് പേപ്പേഴ്‌സിലെ മറ്റൊരു ശ്രദ്ധേയമായ വെളിപ്പെടുത്തല്‍. റഷ്യയും ട്രംപ് ഭരണകൂടവും തമ്മിലുള്ള രഹസ്യ ഇടപാടുകളെ കുറിച്ച് ദിനംപ്രതി പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തില്‍ ട്രംപിനെ കൂടുതല്‍ വെട്ടിലാക്കുന്നതാണിത്.
രണ്ടുമുതല്‍ 10 വരെ മില്യന്‍ ഡോളറാണ് നാവിഗേറ്ററിലെ റൂസിന്റെ ഓഹരി. നാവിഗേറ്ററിന്റെ രണ്ടാമത്തെ വലിയ ഓഹരി പങ്കാളി റഷ്യന്‍ ഗ്യാസ് കമ്പനിയായ സിബുര്‍ ആണ്. പുടിന്റെ മരുമകനായ കിറില്‍ ഷമലോവ് ആണ് സിബുറിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍. കഴിഞ്ഞ ഏപ്രില്‍ വരെ കമ്പനിയുടെ അഞ്ചിലൊന്ന് ഓഹരിയിലേറെയും ഷമലോവിന്റേതായിരുന്നു. പുടിന്റെ ഉറ്റ സുഹൃത്തായ ഗെന്നഡി ടിംചെങ്കോയ്ക്കും സിബുറില്‍ ഓഹരിയുണ്ട്.
ജസ്റ്റിന്‍ ട്രൂഡോയുടെ ഉപദേഷ്ടാവ്
കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രധാന രാഷ്ട്രീയ ഉപദേഷ്ടാക്കളില്‍ ഒരാളായ സ്റ്റീഫന്‍ ബ്രോണ്‍ഫ്മാന്‍ ആണ് പാരഡൈസ് വെളിപ്പെടുത്തിയ മറ്റൊരു പ്രഖുമ വ്യക്തി. ബ്രോഫ്മാന്‍ കെയ്മാന്‍ ദ്വീപുകളില്‍ നികുതി വെട്ടിച്ച് ശതകോടികള്‍ നിക്ഷേപിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രൂഡോയുടെ പ്രധാന തെരഞ്ഞെടുപ്പ് ധനസമാഹരണ സഹായിയും ചെറുപ്പത്തിലേ ഉള്ള കൂട്ടുകാരനുമാണ് ബ്രോന്‍ഫ്മാന്‍. കഴിഞ്ഞ ഏപ്രിലില്‍ രാജ്യത്തെ നികുതി വേട്ടയ്ക്കു നേതൃത്വം നല്‍കിയ ട്രൂഡോയെ ശരിക്കും വെട്ടിലാക്കുന്നതാണു വെളിപ്പെടുത്തല്‍.
റഷ്യയുടെ ഫേസ്ബുക്ക് -ട്വിറ്റര്‍ നിക്ഷേപം
ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള നിരവധി സാങ്കേതിക സംരംഭങ്ങളില്‍ റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പനികള്‍ക്കു വന്‍ നിക്ഷേപമുള്ളതായാണു മറ്റൊരു വെളിപ്പെടുത്തല്‍. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി റഷ്യ ഇടപെട്ടതായുള്ള ആരോപണങ്ങള്‍ക്കു ശക്തിപകരുന്നതാണു വെളിപ്പെടുത്തല്‍. റഷ്യന്‍ ശതകോടീശ്വരന്‍ യൂറി മില്‍നറുടെ ഉടമസ്ഥതയിലുള്ള ഡി.എസ്.ടി ഗ്ലോബല്‍ കമ്പനി മുഖാന്തിരമാണ് ഈ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സിലിക്കന്‍ വാലി സംരംഭങ്ങളില്‍ നിക്ഷേപം നടത്തിയത്. മില്‍നര്‍ക്ക് ട്വിറ്ററിലുള്ള അഞ്ചു ശതമാനം ഓഹരിയില്‍ 191 മില്യന്‍ ഡോളര്‍ റഷ്യന്‍ സര്‍ക്കാരിനു കീഴിലുള്ള വി.ടി.ബി ബാങ്ക് നല്‍കിയതാണ്. സര്‍ക്കാരിനു കീഴിലുള്ള മറ്റൊരു സ്ഥാപനമായ ഗ്യാസ്‌പ്രോം 2012ല്‍ ഫേസ്ബുക്കില്‍ എട്ടു ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു.
മറ്റു പ്രമുഖര്‍:
=റൂസിനു പുറമെ ട്രംപ് ഭരണകൂടത്തില്‍ മുഖ്യ സാമ്പത്തികകാര്യ ഉപദേഷ്ടാവ് ഗാരി കോഹന്‍, സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂച്ചിന്‍ എന്നിവര്‍ക്ക് കോടികളുടെ വിദേശനിക്ഷേപമുണ്ട്.
=ജോര്‍ദാന്‍ രാജ്ഞി നൂറിനു ബ്രിട്ടനു കീഴിലുള്ള ജഴ്‌സിയില്‍ രണ്ട് ട്രസ്റ്റുകളുണ്ട്.
=ബ്രസീല്‍ ധനമന്ത്രി ഹെന്റിക് ഡി കാംപോസ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ ബര്‍മുഡയില്‍ ഒരു സ്ഥാപനം തുടങ്ങി.
=ഉഗാണ്ട വിദേശകാര്യ മന്ത്രി സ്വന്തം വിദേശ നിക്ഷേപം നിയന്ത്രിക്കാനായി കിഴക്കന്‍ ആഫ്രിക്കന്‍ ദ്വീപ്‌രാജ്യമായ സൈച്ചല്ലെസില്‍ ട്രസ്റ്റ് ആരംഭിച്ചു.
പാരഡൈസ് പേപ്പര്‍ എന്താണ് ?
കള്ളപ്പണവും നികുതി വെട്ടിച്ചുള്ള വിദേശ നിക്ഷേപവുമടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ പേരാണ് പാരഡൈസ് പേപ്പേഴ്‌സ്. ബര്‍മുഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിയമ കമ്പനിയായ ആപ്പിള്‍ബൈയില്‍നിന്നു സ്വന്തമാക്കിയ 13.4 മില്യന്‍ രേഖകള്‍ക്കു മേല്‍ നടത്തിയ അന്വേഷണങ്ങളുടെ ഫലമാണ് റിപ്പോര്‍ട്ട്.
2016ലെ പാനമ റിപ്പോര്‍ട്ടിനു സമാനമായി ജര്‍മന്‍ പത്രമായ സുദോത്‌ഷെ സൈതൂങ്ങാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്. അന്താരാഷ്ട്രതലത്തിലുള്ള അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്‌സും(ഐ.സി.ഐ.ജെ), ബി.ബി.സി, ദ ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ് അടക്കം 67 രാജ്യങ്ങളില്‍നിന്നുള്ള 100ഓളം മാധ്യമസ്ഥാപനങ്ങളും അന്വേഷണത്തില്‍ പങ്കുകൊണ്ടു. ഇന്ത്യയില്‍നിന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് മാധ്യമപ്രവര്‍ത്തകരായിരുന്നു അന്വേഷണത്തിന്റെ ഭാഗമായത്. പാനമ പേപ്പറിന്റെ പേരില്‍ ഇത്തവണത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരം സുദോത്‌ഷെ സൈതൂങ്ങും ഐ.സി.ഐ.ജെയും പങ്കിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."