മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കിന്ന് കാത്തിരിപ്പിന്റെ സാഫല്യമാണ്. 29 വര്‍ഷത്തിന് ശേഷം അനന്തപുരിയില്‍ വീണ്ടും ക്രിക്കറ്റ് വിരുന്നെത്തുകയാണ്. 29 വര്‍ഷം മുന്‍പാണ് തലസ്ഥാന നഗരി ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയായത്. അന്ന് ഏറ്റുമുട്ടിയത് കരുത്തന്‍മാരായ വെസ്റ്റിന്‍ഡീസും ഇന്ത്യയും തമ്മില്‍. യൂനിവേഴ്‌സിറ്റി കോളജ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ നേതൃത്വത്തിലിറങ്ങിയ വിന്‍ഡീസ് ഇന്ത്യയെ തകര്‍ത്തെറിയുകയായിരുന്നു. എതിരാളികളേയല്ല തങ്ങളെന്ന് ഇന്ത്യ തെളിയിച്ച് തലകുനിച്ച് സ്റ്റേഡിയം വിട്ടുപോകുമ്പോള്‍ കണ്ണീരണിഞ്ഞത് തലസ്ഥാന നഗരയിലെ ക്രിക്കറ്റ് പ്രേമികളും തകര്‍ന്നത് അവരുടെ നെഞ്ചകവുമായിരുന്നു.
അന്ന് ക്യാപ്റ്റന്‍; ഇന്ന് കോച്ച്
1988ല്‍ വെസ്റ്റിന്‍ഡീസിനോട് സമ്പൂര്‍ണമായി തോല്‍ക്കുമ്പോള്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ രവി ശാസ്ത്രി ആയിരുന്നു. 1988ലെ വൈസ്റ്റിന്‍ഡീസിന്റെ ഇന്ത്യാ പര്യടനത്തിലെ ഏഴാം ഏകദിനമാണ് തിരുവനന്തപുരത്ത് നടന്നത്. വിന്‍ഡീസ് ടീം ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ന് ഇന്ത്യന്‍ ടീം കളിക്കളത്തിലിറങ്ങുമ്പോള്‍ രവി ശാസ്ത്രി ബുദ്ധി കേന്ദ്രമായി പുറത്തിരിക്കുകയാണ്. നായകനായി വന്ന് തലകുനിച്ചു മടങ്ങിയ മണ്ണില്‍ പരിശീലകനായി തിരിച്ചെത്തിയ ശാസ്ത്രി ഇന്ന് വിജയത്തോടെ മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടാകും.
ആദ്യം എത്തിയത് ഓസീസ്
1984ല്‍ ആസ്‌ത്രേലിയയുടെ ഇന്ത്യാ പര്യടനമായിരുന്നു തിരുവനന്തപുരത്ത് നടന്ന ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരം. ഈ മത്സരം പൂര്‍ത്തിയാക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 175 റണ്‍സ് എടുത്തു. രണ്ടാമത് ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 7.4 ഓവറില്‍ 29 റണ്‍സില്‍ നില്‍ക്കെ മത്സരം അവസാനിപ്പിച്ചു.
ഇന്ന് സ്‌പോര്‍ട്‌സ് ഹബില്‍ നടക്കുന്നത് തിരുവനന്തപുരത്തെ മൂന്നാമത്തെ രാജ്യാന്തര മത്സരമാണ്. പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ വീതം വിജയിച്ചു നില്‍ക്കുന്ന ഇന്ത്യയേയും ന്യൂസിലന്‍ഡിനേയും സംബന്ധിച്ച് ഇത് നിര്‍ണായക മത്സരമാണ്. വിജയിക്കുന്നവര്‍ക്ക് ഗ്രീന്‍ഫീല്‍ഡില്‍ അരങ്ങേറുന്ന ആദ്യ രാജ്യന്താര പോരാട്ടത്തിലെ വിജയികളെന്ന പെരുമയുമായി പരമ്പരയും നേടി തിരുവനന്തപുരത്തെ മണ്ണില്‍ നിന്ന് ചരിത്രമെഴുതി മടങ്ങാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."