പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു; സൈനികന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മിരിലെ പുല്‍വാമയില്‍ ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. സൈന്യം വധിച്ച മൂന്ന് ഭീകരരില്‍ ഒരാള്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ അനന്തരവനാണെന്നാണ് റിപ്പോര്‍ട്ട്.
തല്‍ഹ റാഷിദ്, മഹ്മൂദ് ഭായ്, വാസിം അഹ്മ്മദ് എന്നിവരാണു കൊല്ലപ്പെട്ടതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ തല്‍ഹ റാഷിദ് അസ്ഹറിന്റെ അനന്തരവനാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, കൊല്ലപ്പെട്ട ഭീകരര്‍ ആരാണെന്നു ജമ്മു കശ്മിര് പൊലിസും ഇന്ത്യന്‍ സൈന്യവും പുറത്തുവിട്ടിട്ടില്ല.
സുരക്ഷാ ഉദ്യോഗസ്ഥനായ ലാന്‍സ് നായിക് വ്രഹ്മപല് സിങാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ഒരു നാട്ടുകാരനും വെടിവയ്പ്പില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
പുല്‍വാമയിലെ കാണ്ഡില്‍ അഖ്ലാര് ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലിസും സി.ആര്.പി.എഫും സൈന്യവും ചേര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായത്. ഇന്നലെ വൈകീട്ടോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ പുലര്‍ച്ചെയോടെ അവസാനിച്ചെങ്കിലും സൈന്യം തെരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."